പ്രവാസി ഇന്ത്യക്കാര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുങ്ങുന്നു; പ്രോക്‌സി വോട്ട് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

പ്രവാസ ജീവിതം നയിക്കുന്ന ഇന്ത്യക്കാര്‍ക്ക് വിദേശത്ത് നിന്ന് വോട്ടവകാശം വിനിയോഗിക്കാന്‍ പ്രോക്‌സി വോട്ട് അനുവദിക്കണമെന്ന നിര്‍ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ പ്രവാസികള്‍ക്ക് വോട്ടവകാശം വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരമാകും.

നിര്‍ദിഷ്ട ഭേദഗതിയില്‍ പ്രവാസികള്‍ക്ക് നേരിട്ട് വോട്ടു ചെയ്യാന്‍ കഴിയില്ലെങ്കില്‍ അവര്‍ വോട്ടര്‍ പട്ടികയിലുള്ള മണ്ഡലത്തില്‍ പ്രതിനിധികളെ നിയോഗിച്ച് വോട്ടു രേഖപ്പെടുത്താനുള്ള അവസരം നല്‍കും. പ്രോക്‌സി വോട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തുന്നയാളും അതേ മണ്ഡലത്തിലായിരിക്കണമെന്നും നിര്‍ദേശമുണ്ട്.

വോട്ട് രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ തെരഞ്ഞെടുപ്പിന് ആറുമാസം മുന്‍പ് റിട്ടേണിങ്ങ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.വിദേശത്തു നിന്ന് നാട്ടിലെത്താനുള്ള പ്രയാസം കാരണം വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കിലും പ്രവാസികള്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ നിലവില്‍ സാധിക്കാറുണ്ടായിരുന്നില്ല.

പ്രോക്‌സി വോട്ടിങ്ങ് രീതി നടപ്പിലാകുന്നതോടെ പ്രവാസികള്‍ക്കും രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ ഭാഗമാകാനുള്ള അവസരമാണ് ലഭിക്കുന്നത്. ഒരാള്‍ക്ക് ഒന്നിലധികം പ്രവാസികളുടെ പ്രവാസികളുടെ പ്രോക്‌സി വോട്ടറാകാന്‍ അനുമതിയുണ്ടാകില്ല. പ്രവാസി വോട്ടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.