ചിത്രയെ പങ്കെടുപ്പിക്കാതെ എന്ത് നേടി, യോഗ്യതയുള്ള താരങ്ങളെ ഫെഡറേഷന്‍ തോല്‍പ്പിച്ചെന്നും ഹൈക്കോടതി; അത്‌ലറ്റിക്ക് ഫേഡറേഷന് രൂക്ഷ വിമര്‍ശനം

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു. ചിത്രയെ പങ്കെടുപ്പിക്കാത്ത അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ലോകമീറ്റില്‍ ചിത്രയെ പങ്കെടുപ്പിക്കാതെ എന്ത് നേടിയെന്നും ഹൈക്കോടതി ചോദിച്ചു. മീറ്റില്‍ പങ്കെടുപ്പിക്കാതെ ഫെഡറേഷന്‍ തന്നെ യോഗ്യതയുള്ള താരങ്ങളെ തോല്‍പ്പിച്ചെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ചിത്രയുടെ കോടതിയലക്ഷ്യ കേസില്‍ ഫെഡറേഷന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ ആഗസ്ത് 22ന് വീണ്ടും വാദം കേള്‍ക്കും.

പി.യു. ചിത്രയെ തഴഞ്ഞ നടപടിയില്‍ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി അത്‌ലറ്റിക് ഫെഡറേഷനെതിരെ നടത്തിയത്. അത്‌ലറ്റിക് ലോക ചാംമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഫെഡറേഷന്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ചിത്ര കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.

സമയപരിധി കഴിഞ്ഞുവെന്ന് ചൂണ്ടികാണിച്ചാണ് ചിത്രയെ പങ്കെടുപ്പിക്കാനാവില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ അറിയിക്കുകയായിരുന്നു. അത്‌ലറ്റുകളെ തെരഞ്ഞെടുത്ത നടപടിയില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കോടതി ചൂണ്ടി കാണിച്ചു.

ഗുണ്ടൂരിലെ മീറ്റില്‍ മത്സരിക്കാത്തവരെയും ലോക മീറ്റിന് അയച്ചു. താരങ്ങളെ ഇങ്ങനെ ഒഴിവാക്കുന്നതെന്തിന്. താരങ്ങള്‍ക്ക് അവസരം നല്‍കുകയാണ് വേണ്ടത്. ഏഷ്യന്‍ മീറ്റില്‍ വിജയിക്കുന്നവര്‍ക്ക് ലോക മീറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ലേയെന്നും കോടതി ചോദിച്ചു.