സിനിമകഥപോലൊരു ക്ലൈമാക്‌സ് സൗദിയില്‍ നിന്നും: വധശിക്ഷയ്ക്ക് തൊട്ട് മുന്‍പ് മകന്റെ കൊലയാളിക്ക് മാപ്പ് കൊടുത്തു ഹീറോയായ ഒരു പിതാവിന്റെ കഥ
സൗദി: അപൂര്‍വ്വം ചില അവസരങ്ങളില്‍ എങ്കിലും അറിവിന്റെ കഥകള്‍ നാം കേള്‍ക്കാറുണ്ട്. വലിയ കൊടുംപാതകികളോട് പോലും ക്ഷമിച്ച മാതൃത്വവും, പിതൃത്വവും നമുക്ക് അന്യമല്ല. അത്തരത്തില്‍ ഒരു സംഭവമാണ് സൗദിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.
വധശിക്ഷയ്ക്ക് തൊട്ട് മുന്‍പ് മകന്റെ കൊലയാളിക്ക് പിതാവ് മാപ്പ് കൊടുത്ത ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. അസീര്‍ പ്രവിശ്യയിലെ ഖമീസ് മുഷൈത്തിലാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് യുവാവ് വധശിക്ഷ നടപ്പാക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കവേ മരണത്തില്‍ നിന്നും ഒഴിവായി. സൗദി പൗരനാണ് മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കിയത്.
യുവാവിന്റെ വധശിക്ഷ നടപ്പിലാക്കുന്നതിന് തൊട്ടുമുന്‍പാണ് പിതാവ് എത്തി മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കിയത്. ജനക്കൂട്ടത്തിനിടയില്‍ നിന്നും ഓടിവന്ന പിതാവ് വധശിക്ഷ നടപ്പിലാക്കരുതേ എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. കൊലയളിക്ക് മാപ്പ് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചുറ്റും കൂടി നിന്ന ആള്‍ക്കൂട്ടം നിറഞ്ഞ ആരവത്തോടെയാണ് അദ്ദേഹത്തെ പൊക്കിയെടുത്ത് ആദരവ് പ്രകടിപ്പിച്ചത്.
ഏതാനും വര്ഷങ്ങള്ക്കു മുമ്പ് മകന്റെ കൊലയാളിയ്ക്കു മാപ്പു നല്‍കിയ ഇറാനിയന്‍ വനിത ആഗോള മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു.