വീണ്ടും എബോള വ്യാപനം: നിരീക്ഷണം ശക്തമാക്കി ആരോഗ്യ മന്ത്രാലയം
ഡല്‍ഹി: ആഗോളതലത്തില്‍ എബോള വൈറസ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ ഇന്ത്യയില്‍ എബോള കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് വൈറസ് വ്യാപനത്തിന്റെ വേഗതയില്‍ അതീവ ആശങ്ക രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യ പ്രതിരോധ നടപടികളിലേക്ക് കടന്നത്. കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ ഇതിനകം അഞ്ഞൂറിലധികം സംശയാസ്പദമായ കേസുകളും 131 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോംഗോയില്‍ ഔദ്യോഗിക ആവശ്യത്തിനെത്തിയ ഒരു അമേരിക്കന്‍ പൗരനും രോഗബാധ സ്ഥിരീകരിച്ചു.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം, ഐസിഎംആര്‍ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ രാജ്യത്തെ പൊതുജനാരോഗ്യ സജ്ജീകരണങ്ങള്‍ വിലയിരുത്തി. എബോള ബാധിത പ്രദേശങ്ങളില്‍ നിന്നും എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ യാത്രാ ചരിത്രം സൂക്ഷ്മമായി പരിശോധിക്കാന്‍ ഇമിഗ്രേഷന്‍, എയര്‍പോര്‍ട്ട് ഹെല്‍ത്ത് അതോറിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രോഗബാധ സംശയിക്കുന്നവരെ നിരീക്ഷിക്കാനും ക്വാറന്റൈന്‍ ചെയ്യാനുമുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ മന്ത്രാലയം പുതുക്കി നിശ്ചയിച്ചു. പ്രധാന വിമാനത്താവളങ്ങള്‍ക്ക് സമീപം ഐസൊലേഷന്‍ സൗകര്യങ്ങള്‍ സജ്ജമാക്കും. പുണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എബോള പരിശോധനകള്‍ക്കായുള്ള പ്രധാന ലാബായി നിശ്ചയിച്ചു. ആവശ്യാനുസരണം കൂടുതല്‍ ലാബുകളില്‍ പരിശോധനാ സൗകര്യം ഏര്‍പ്പെടുത്തും.
നിലവിലുള്ള ഭൂരിഭാഗം എബോള വാക്‌സിനുകളും ‘സയര്‍ എബോളാവൈറസ്’ വകഭേദത്തെ പ്രതിരോധിക്കാന്‍ ഉള്ളവയാണ്. എന്നാല്‍ നിലവിലെ വ്യാപനത്തിന് കാരണമായ ‘ബുന്ദിബുഗ്യോ’, ‘സുഡാന്‍’ എന്നീ വകഭേദങ്ങള്‍ക്കെതിരെ ഇവ പൂര്‍ണ്ണ ഫലപ്രദമല്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
രോഗബാധിതരുടെ രക്തം, ഉമിനീര്‍, വിയര്‍പ്പ്, കണ്ണുനീര്‍, ഛര്‍ദ്ദി, മലം, മുലപ്പാല്‍ തുടങ്ങിയ ശരീരദ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് എബോള പകരുന്നത്. മലിനമായ പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെയും അണുബാധ മൂലം മരിച്ചവരുടെ മൃതദേഹങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പകരാം. പനി, തലവേദന, പേശിവേദന എന്നിവയ്ക്ക് പുറമെ ശരീരത്തിന്റെ ഉള്ളിലും പുറത്തുമുണ്ടാകുന്ന രക്തസ്രാവമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. കോവിഡ് പോലെ വായുവിലൂടെ പടരുന്ന രോഗമല്ലെങ്കിലും, രോഗനിര്‍ണ്ണയത്തിലെ താമസം പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാലാണ് ഇന്ത്യ മുന്‍കൂട്ടി പ്രതിരോധമൊരുക്കുന്നത്.



