ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കും- ശ്രീനിവാസന്‍; അനുകൂല പരാമര്‍ശങ്ങളുമായി സിനിമാ ലോകം
കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചനാക്കേസില്‍ ജയലില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച് വീണ്ടും നടന്‍ ശ്രീനിവാസന്‍ രംഗത്ത്. ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാട്ടുമെന്നു കരുതുന്നില്ല. ദിലീപ് തെറ്റു ചെയ്‌തെന്നും വിശ്വസിക്കുന്നില്ല.
അദ്ദേഹത്തിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. നേരത്തേയും ദിലീപിനെ അനുകൂലിച്ചു കൊണ്ട് ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു. അന്ന് ഇങ്ങനെയൊരു മണ്ടത്തരത്തിനു ദിലീപ് മുതിരില്ലെന്നായിരുന്നു ആലപ്പുഴ കറ്റാനത്തുവച്ച് ശ്രീനിവാസന്‍ പറഞ്ഞത്.
അതേസമയം ദിലീപിന് അനുകൂലമായി പ്രസ്താവനയിറക്കിയ നടനും എം.എല്‍.എയുമായ കെ.ബി.ഗണേഷ്‌കുമാറിനെതിരേ അന്വേഷണസംഘം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഗണേഷിന്റെ പ്രസ്താവന കേസിനെ വഴിതെറ്റിക്കാനുള്ള ആസൂത്രിത നീക്കമാണെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം.
ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതിന് അധികൃതര്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണദിവസങ്ങളില്‍ സിനിമാമേഖലയില്‍ നിന്ന് പന്ത്രണ്ട് പേരാണ് ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയിരുന്നത്.









