ബാഴ്‌സിലോണയുടെ കേളീരീതി നിയന്ത്രിച്ച മഹാനായ സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍: സാവി ഹെര്‍നാണ്ടസ്

സംഗീത് ശേഖര്‍

1998 ലോകകപ്പില്‍ ഇറ്റാലിയന്‍ ടീമിലേക്ക് അപ്രതീക്ഷിതമായൊരു തിരിച്ചുവരവ് നടത്തുന്ന റോബര്‍ട്ടോ ബാജിയോ പരാതിപ്പെടുന്നുണ്ട് ഫുട്‌ബോളിന്റെ മാറുന്ന മുഖത്തെ കുറിച്ച്. ആദ്യം അത് ലറ്റുകളും പിന്നീട് മാത്രം ഫുട്‌ബോളര്‍മാരും ആകുന്ന രീതിയില്‍ പുതിയൊരു തലമുറ ഇവോള്‍വ് ചെയ്യുന്ന ട്രെന്‍ഡിനെ കുറിച്ച്. പുതുമയുടെ വേഗത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ കഴിയാത്തൊരു ക്ലാസിസിസ്റ്റിന്റെ പരിഭവം എന്നാണു തോന്നിയതെങ്കിലും അപൂര്‍വ്വം ചിലരെ മാറ്റി നിര്‍ത്തിയാല്‍ ബാജിയോയുടെ നിരീക്ഷണം ക്ര്യത്യമായിരുന്നു.

ഫുട്‌ബോള്‍ കൂടുതല്‍ ഫിസിക്കല്‍ ആകുന്നൊരു കാലഘട്ടത്തില്‍ ഒട്ടും ഫിസിക്കലി സ്‌ട്രോംഗ് അല്ലാത്തൊരു കളിക്കാരന്‍ അയാളിലേക്ക് എന്നെ ആകര്‍ഷിക്കുകയായിരുന്നു. അല്പം അഹങ്കാരത്തോടെ തന്നെ ബാജിയോ സ്മരിച്ച ആ സുവര്‍ണ കാലത്തിലേക്കുള്ള ഒരു ത്രോ ബാക്ക് ആണയാള്‍. പറഞ്ഞു വരുന്നത് സാവിയെ കുറിച്ചാണ്. ബാഴ്‌സിലോണയുടെ/സ്‌പെയിന്റെ കേളീരീതി നിയന്ത്രിച്ച മഹാനായ സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍. സാവി ഹെര്‍നാണ്ടസ്.

മിഡ് ഫീല്‍ഡര്‍മാരോടുള്ള ആരാധന അതിന്റെ പാരമ്യത്തില്‍ എത്തുന്നത് ഈ മനുഷ്യനെ കണ്ടിരിക്കുമ്പോഴാണ്. സിനദിന്‍ സിദാന്റെ അപാരമായ പ്രതിഭ ഒരു വിസ്മയമായി തുടരുമ്പോഴും സാവി ഒരു സിസ്റ്റത്തിന്റെ ഭാഗമായി നിന്നു കൊണ്ടതിനെ നിയന്ത്രിക്കുന്ന കാഴ്ച എങ്ങനെയോരാളെ ആകര്‍ഷിക്കാതിരിക്കും?

ബാര്‍സയുടെ യൂത്ത് അക്കാഡമിയിലൂടെ വളര്‍ന്നു വന്ന താരമാണ് സാവി. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ‘പാസ്സര്‍’മാരില്‍ ഒരാള്‍ എന്നയാളെ വിളിക്കുന്നത് വെറുതെയല്ല. പാസ്സിംഗ് അതാണയാളുടെ ജോലി. നിരന്തരമായ പാസ്സിംഗ്. പാസ് ആന്‍ഡ് മൂവ് ഫുട്‌ബോള്‍ കണ്ടുപിടിച്ചത് അയാള്‍ അല്ലെങ്കിലും അയാളോളം ആ കലയെ സ്വായത്തമാക്കിയ ഒരു പെര്‍ഫെക്ഷനിസ്റ്റ് വേറെയുണ്ടാകില്ല. പന്തിന്‍ മേല്‍ അപാരമായ നിയന്ത്രണം. സ്പാനിഷ് മധ്യനിരയില്‍ അല്ലെങ്കില്‍ ബാര്‍സയുടെ മധ്യനിരയില്‍ മധ്യനിരയില്‍ ഒഴുകി നടക്കുന്ന ഈ മനുഷ്യനെപോലെ ഒരു ഫുട്‌ബോളിനെ അനായാസമായി നിയന്ത്രിക്കുന്ന മറ്റൊരു കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല.

സാവിയുടെ തന്നെ വാക്കുകളില്‍ സ്‌പേസ് സ്ര്യഷ്ടിക്കുക എന്നതാണയാളുടെ ജോലി. വിശ്രമമില്ലാതെ മൂവ് ചെയ്തു കൊണ്ടിരിക്കുന്ന സാവി ഓരോ നിമിഷവും എതിര്‍ പ്രതിരോധനിരയിലെ വിടവുകള്‍ കണ്ടെത്താന്‍ തന്നെയാണ് ശ്രമിക്കുന്നത്. 90 മിനുട്ട് നീണ്ടു നില്‍ക്കുന്ന ഒരു ഫുട്‌ബോള്‍ മത്സരം ഏതാണ്ടൊറ്റക്ക് നിയന്ത്രിക്കാന്‍ കഴിവുള്ള മറ്റൊരു കളിക്കാരനെ സമീപകാല ഫുട്‌ബോളില്‍ കണ്ടെത്താന്‍ നമുക്ക് കഴിയില്ല. വ്യക്തിഗത മികവ് കൊണ്ട് നിമിഷങ്ങള്‍ കൊണ്ട് ഒരു ഗെയിമിന്റെ വിധി നിര്‍ണയിക്കുന്ന പ്രതിഭയായിരുന്നില്ല, അസാധാരണമായ വിഷന്റെ പിന്തുണയോടെ എതിര്‍ ടീമിന്റെ ദൌര്‍ബല്യങ്ങളെ സദാസമയവും ചികഞ്ഞു കൊണ്ടിരുന്ന ഒരു ടാക്ട്ടിക്കല്‍ ജീനിയസായിരുന്നു അയാള്‍.

ഒരു ഗെയിം റീഡര്‍ എന്ന നിലയില്‍ ഗെയിമിന്റെ പേസ് അയാള്‍ നിയന്ത്രിച്ചിരുന്ന രീതി അനുപമമായിരുന്നു. ടീമിന്റെ ആവശ്യാനുസരണം വേഗത കുറച്ചൊരു മത്സരത്തെ (simply killing a game) നിര്‍വീര്യമാക്കുന്നതിലും വേഗത കൂട്ടി ഗെയിമിന്റെ ടെമ്പോ ഉയര്‍ത്തുന്ന കാര്യത്തിലും അയാളൊരു മാസ്റ്റര്‍ തന്നെയായിരുന്നു. 2008 യൂറോ കപ്പിന്റെ ഫൈനല്‍ ഓര്‍മ വരുന്നു. അപാര വേഗത്തില്‍ ആക്രമണ ഫുട്‌ബോള്‍ കളിച്ചു എതിര്‍ ടീമുകളെ തകര്‍ത്തു കളയുന്ന ജര്‍മന്‍ ടീമിന്റെ ഗെയിമിനെ സാവി നിര്‍വീര്യമാക്കിയ രീതി വിരസമായിരുന്നു എങ്കിലും അനുപമമായിരുന്നു. ഗെയിമിന്റെ വേഗത കുറച്ചു ജര്‍മന്‍ ടീമിന്റെ കളിയെ അക്ഷരാര്‍ത്ഥത്തില്‍ നശിപ്പിച്ചു കളഞ്ഞ സാവി ടോറസിന് കൊടുക്കുന്ന ഇഞ്ച് പെര്‍ഫക്റ്റ് പാസ് ആണ് മത്സരഫലം നിര്‍ണയിച്ചത്. 2009 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വരച്ച വരയില്‍ നിര്‍ത്തിക്കൊണ്ട് സാവി-ഇനിയസ്റ്റ duo കെട്ടഴിച്ച മനോഹര ഫുട്‌ബോള്‍, അവസാനം മെസ്സിയുടെ തലക്ക് പാകത്തിന് സാവിയുടെ ഒരു പെര്‍ഫക്റ്റ് ക്രോസ്. സാക്ഷാല്‍ അലക്‌സ് ഫെര്‍ഗ്യുസനെ സ്തബ്ധനാക്കി കളഞ്ഞ ക്ലിനിക്കല്‍ പൊസഷന്‍/പാസ്സിംഗ് ഗെയിം എങ്ങനെ മറക്കാന്‍ കഴിയും? ആന്‍ഡ് ദെന്‍ 2012 യൂറോ കപ്പ് ഫൈനല്‍. ആന്ദ്രെ പിര്‍ലോ എന്ന മാസ്‌ട്രോയെ മധ്യനിരയില്‍ തളച്ചിട്ട സാവിയും ഇനിയസ്റ്റയും നിയന്ത്രിച്ച കളിയില്‍ ഇറ്റാലിയന്‍ പ്രതിരോധത്തെ കീറി മുറിച്ചു ജോര്‍ഡി ആല്‍ബക്ക് സാവി നല്‍കുന്ന കിടിലന്‍ കില്ലര്‍ പാസ്. നിര്‍ണായക മത്സരങ്ങളില്‍ മത്സരഫലം നിയന്ത്രിക്കുന്ന ഇത്തരം നിമിഷങ്ങളാണ് അയാളെ വ്യത്യസ്തനാക്കിയിരുന്നത്.

Xavi is eternal എന്നയാളുടെ പഴയ ടീം മേറ്റ് തിയാഗോ പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. പാതി ഫോമില്‍ കളിക്കുമ്പോള്‍ പോലും അയാളെന്ന കാറ്റലിസ്റ്റിന്റെ ഇമ്പാക്റ്റ് ഒട്ടും കുറയുന്നില്ല. ടിക്കി ടാക്ക എന്ന സിസ്റ്റത്തിലെ കണ്ണികളെ അയാള്‍ ചലനാത്മകമാക്കിയിരുന്ന രീതി ശ്രദ്ധേയമായിരുന്നു. എല്ലാവരെയും ഗെയിമില്‍ ഇന്‍വോള്‍വ് ആക്കി നിര്‍ത്തുന്ന രീതിയില്‍ പാസുകള്‍ കൊണ്ടവരെ ആക്ടീവ് ആക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു .റസ്റ്റി ആയൊരു കണ്ണി ഇല്ലാത്ത രീതിയില്‍ സാവി ആ പാസ്സിംഗ് സിസ്റ്റം നിയന്ത്രിച്ചു. ഫിസിക്കലി കരുത്തനല്ല അയാള്‍ എന്നിരിക്കെയും പന്തയാളുടെ കൈവശമുള്ളപ്പോള്‍ അയാളെ ഫിസിക്കലി മറികടന്നു പന്തിന്റെ നിയന്ത്രണം ഏറ്റെടുക്കാമെന്ന് കരുത്തനായ ഒരു എതിരാളിക്കും ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല എന്നതാണ് സത്യം.

ശാരീരികമായ കരുത്തിന്റെ അഭാവത്തെ സുപ്പീരിയര്‍ ടെക്‌നിക് കൊണ്ടാണയാള്‍ മറി കടന്നത്. ബാലണ്‍ ഡി ഓര്‍ മുതലായ ബഹുമതികളുടെയൊന്നും പിന്‍ബലമില്ലാത്ത ഒരു കരിയര്‍. അയാള്‍ക്കതില്‍ ഒട്ടും ദുഖിക്കേണ്ട കാര്യമില്ല. അതയാളുടെ കുറവല്ല എന്നത് തന്നെ കാര്യം. സ്പാനിഷ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായ സാവിയുടെ പേരിനൊപ്പം സ്ഥാനം ലഭിക്കാത്തതില്‍ ലജ്ജിക്കെണ്ടത് അത്തരം പുരസ്‌കാരങ്ങളാണ്. 2011 ല്‍ അര്‍ഹതയുണ്ടായിട്ടും അയാള്‍ക്ക് നിഷേധിക്കപ്പെട്ട ബാലണ്‍ ഡി ഓര്‍ ഒരു സൂചനയായിരുന്നിരിക്കാം. ഫുട്‌ബോള്‍ ചരിത്രത്തില്‍ സാവി ഹെര്‍ണാണ്ടസിന്റെ പേര് എവിടെയാണ് അടയാളപ്പെടുത്താന്‍ പോകുന്നത് എന്നതിന്റെ സൂചന. അയാളുടെ കളി കണ്ടിട്ടുള്ള ഒരു ഫുട്‌ബോള്‍ പ്രേമിക്ക് ആ പേരിന്റെ കൂടെ മറ്റുള്ള അലങ്കാരങ്ങളുടെ ആവശ്യവുമില്ല. 8 ലാ ലിഗ കിരീടങ്ങള്‍, 4 ചാമ്പ്യന്‍സ് ലീഗ്, 2 യൂറോ കപ്പ്, 1 ലോകകപ്പ് എന്നിവ നേടിയ ടീമുകളുടെ അവിഭാജ്യഘടകമായിരുന്ന കളിക്കാരന് ഒന്നും തെളിയിക്കേണ്ട കാര്യവുമില്ല.

2014 ലോകകപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ ചിലി സ്‌പെയിന്റെ മാറിലേക്ക് 2 ഇരുമ്പാണികള്‍ തറച്ചു കയറ്റുമ്പോള്‍ ഗ്രൗണ്ടില്‍ അയാളെ കണ്ടില്ല. സാവിയെ നന്ദികേടിന്റെ ബാക്കിപത്രമായി സാവി ഹെര്‍ണാണ്ടസ് നിര്‍വികാരനായി സ്‌പെയിന്റെ ബഞ്ചില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ ഉള്ളൊന്നു കാളിപ്പോയി. ലോകചാമ്പ്യന്‍മാരുടെ പതനം പുറത്തിരുന്നു കാണാന്‍ ആയിരുന്നു സ്‌പെയിന്‍ കണ്ട എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളുടെ വിധി. സ്‌പെയിന്റെ സമീപകാലവിജയങ്ങള്‍ക്ക് പിന്നിലെ ആര്‍ക്കിടെക്റ്റ് സാബി അലോണ്‍സോയും സെര്‍ജിയോ ബസ്‌കറ്റസും ചിലിക്കെതിരെ സ്പാനിഷ് മധ്യനിരയില്‍ ദയനീയ പ്രകടനം നടത്തുമ്പോള്‍ സാവി ഹെര്‍നാണ്ടസ് വികാരങ്ങള്‍ ഒളിപ്പിച്ചു വച്ച മുഖവുമായി ബെഞ്ചില്‍ ഇരിക്കുകയായിരുന്നു. അതൊരിക്കലും നീതിയായിരുന്നില്ല എന്നത് കൊണ്ട് തന്നെ സ്‌പെയിന്റെ യാത്രയും പുറത്തെക്കായിരുന്നു.

ഇനിയസ്റ്റ എന്ന പ്രതിഭയോടുള്ള എല്ലാ ബഹുമാനത്തോടും കൂടെ പറയട്ടെ സാവി ഹെര്‍ണാണ്ടസ് ഇല്ലെങ്കില്‍ സ്പാനിഷ് ടീം സ്‌പെയിന്റെ ജെഴ്‌സിയണിഞ്ഞ കുറെ സൂപ്പര്‍ താരങ്ങളുടെ സംഗമം മാത്രമാകുന്നു. 1970 കളില്‍ ടോട്ടല്‍ ഫുട്‌ബോള്‍ കളിച്ചിരുന്ന ഹോളണ്ട് ടീമിന്റെ കളിയെ ഏകോപിപ്പിച്ചിരുന്നത് യൊഹാന്‍ ക്രൈഫ് എന്ന മഹാനായ കളിക്കാരന്‍ ആയിരുന്നു. ടിക്കി ടാക്ക ഒരു സിംഫണി ആണെങ്കില്‍ സാവി ഹെര്‍ണാണ്ടസ് തന്നെയാണ് അതിന്റെ കണ്‍ഡക്ടര്‍. സാവിയില്ലാതെ ടിക്കി ടാക്ക എന്ന കേളീ ശൈലി അപൂര്‍ണമാണെന്ന കാര്യം മറന്നു പോയ ഡെല്‍ബോസ്‌ക് അനിവാര്യമായ വിധിയാണ് ഏറ്റു വാങ്ങിയത്. ബീഥൊവനെപോലെ സാവി ആ സിംഫണി നിയന്ത്രിക്കുന്ന കാഴ്ച പല തവണ നേരില്‍ കണ്ടിട്ടും അതിനപ്പുറം ക്രിയേറ്റിവിറ്റി ഒരു സ്റ്റീവന്‍ ജെറാര്‍ഡിലും, ഡേവിഡ് ബെക്കാമിലും ഒക്കെ കണ്ടെത്താന്‍ ശ്രമിക്കുന്ന ചില ഇംഗ്ലീഷ് പണ്ഡിതന്‍മാരോട് പുച്ഛം എന്നൊരു വികാരം മാത്രമേ തോന്നിയിട്ടുള്ളൂ.

ഒരര്‍ത്ഥത്തില്‍ അന്നവിടെ ബെഞ്ചില്‍ ഇരിക്കുന്ന സാവി ഹെര്‍ണാണ്ടസ് ഒരു പ്രതീകമാണ്, കാലത്തിനെ ആര്‍ക്കും തടഞ്ഞു നിര്‍ത്താനാകില്ല എന്ന് നമ്മളെ ഓര്‍മിപ്പിച്ച പ്രതീകം. ഏതു പകലിനെയും കാത്ത് അസ്തമനം എന്നൊന്നുണ്ടെന്നു പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ മിന്നി നില്‍ക്കുന്ന ഏതൊരു കായികതാരത്തെയും ഓര്‍മിപ്പിക്കുന്നു സാവിയുടെ വിധി. ചിലിക്കെതിരെ തിരസ്‌കരിക്കപ്പെട്ടവന്റെ വേദനയോടെ ബെഞ്ചിലിരിക്കുമ്പോള്‍ നിസ്സംഗതയുടെ മൂടുപടം എടുത്തണിഞ്ഞു തന്റെ ഭാവങ്ങള്‍ അയാള്‍ മറച്ചെങ്കിലും മൈതാനത്തില്‍ നിന്നും ആ സൈഡ് ബഞ്ചിലേക്കുള്ള ദൂരം വളരെ കൂടുതലാണെന്ന് സാവി തിരിച്ചറിഞ്ഞു കാണും. അടുത്ത മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ അവസാന വിസില്‍ മുഴങ്ങുമ്പോള്‍ ഒരു തലമുറ കണ്ട ഏറ്റവും മഹാനായ സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍ നിശബ്ദനായി നേരെ ടണലിലെക്ക് ഇറങ്ങി പോയി, തിരിഞ്ഞു നോക്കാതെ. ഇനിയൊരു തിരിച്ചു വരവുണ്ടാകില്ല എന്നുറപ്പിച്ചു കൊണ്ട് തന്നെ.