തന്നെ കാണുവാന്‍ കാത്തുനിന്ന ആരാധകനെ പരസ്യമായി തല്ലി തെലുങ്ക് സൂപ്പര്‍താരം

സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍മാന്‍ ട്രോളുകളിലൂടെ മലയാളികള്‍ക്ക് പരിചിതനായ താരമായ നന്തമുരി ബാലകൃഷ്ണയാണ് തന്നെ കാണുവാന്‍ വന്ന ആരാധകനെ പരസ്യമായി തല്ലിയത്. തെലുങ്ക് ദേശം പാര്‍ട്ടി എം.എല്‍.എ കൂടിയായ ബാലകൃഷ്ണ തന്‍റെ മണ്ഡലമായ ഹിന്ദിപൂരില്‍ പ്രചാരണം നടത്തുമ്പോളായിരുന്നു ഇത്തരത്തില്‍ ആരാധകനോട് പ്രതികരിച്ചത്. ഇഷ്ട്ടതാരത്തിനെ നേരില്‍ കാണുവാന്‍ പകല്‍ മുഴുവന്‍ കാത്തുനിന്ന ആരാധകനാണ് താരത്തിന്‍റെ കയ്യില്‍ നിന്നും നല്ല സമ്മാനം ലഭിച്ചത്. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് സംഭവം.

എന്നാല്‍ ആരാധകരെ തല്ലുന്ന കാര്യത്തില്‍ ഇത് ആദ്യസംഭവം അല്ല എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. മുന്‍പ് തന്‍റെ കൂടെ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രണ്ടു ആരാധകരെ താരം അടിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. താരം താമസിക്കുന്ന ഹോട്ടലില്‍ ആരാധകര്‍ സന്ദര്‍ശിക്കാനെത്തിയിരുന്നു. തുടര്‍ന്ന് ഇതില്‍ ഒരാള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോളാണ് പ്രകോപിതനായി ഇയാള്‍ ആരാധകനെ അടിച്ചത്. അതുകഴിഞ്ഞ് തിരുമല ക്ഷേത്ര സന്ദര്‍ശന സമയത്ത് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോളാണ് താരം മറ്റൊരു ആരാധകനെ അടിച്ചത്. ഷൂട്ടിങ്ങ് സെറ്റില്‍ നിന്ന് തന്‍റെ ചെരുപ്പ് അഴിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് കൂടെയുള്ള അസിസ്റ്റന്‍റിനെ അടിച്ചതും വലിയ വാര്‍ത്തയായിരുന്നു.