മോഹന്‍ലാല്‍ ലൈവ് ഷോയില്‍ ഓസ്ട്രിയന്‍ മലയാളി ആര്‍ട്ടിസ്റ്റ് സില്‍വിയ കൈലാത്തും റേനുഷാന്‍ രംഗനാഥനും
വിയന്ന: ജര്‍മ്മനിയില്‍ നടക്കുന്ന മോഹന്‍ലാല്‍ ലൈവ് ഷോയില്‍ ഓസ്ട്രിയയില്‍ നിന്നുള്ള സില്‍വിയ കൈലാത്തും ജര്‍മ്മനിയിലെ പ്രശസ്ത കൊറിയോഗ്രാഫര്‍ റേനുഷാന്‍ രംഗനാഥനും ഒന്നിക്കുന്നു. ലോക്ഹാ എന്റര്‍ടെയ്ന്‍മെന്റ്‌സ് അവതരിപ്പിക്കുന്ന ‘മോഹന്‍ലാല്‍ ലൈവ് ഇന്‍ ജര്‍മ്മനി’ എന്ന ഷോയിലാണ് ഇരുവരും ചേര്‍ന്ന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്ന നൃത്തം അരങ്ങേറുന്നത്.
2026 ജൂണ്‍ 26 ന് ഒബര്‍ഹൗസനിലെ റുഡോള്‍ഫ് വെബര്‍ അരീനയിലാണ് ഷോ അരങ്ങേറുന്നത്. സില്‍വിയയും റേനുഷാനും ഒപ്പം 24 അംഗ നൃത്ത സംഘത്തിന്റെ ‘മോഡേണ്‍ ഇന്ത്യന്‍ ഡാന്‍സ്’ മോഹന്‍ലാല്‍ ഷോയിലെ വേറിട്ട അവതരണം ആയിരിക്കും. 15,000 ത്തിലധികം പ്രേക്ഷകര്‍ക്ക് മുന്നിലാണ് ഈ അരങ്ങേറ്റം.
സമകാലീന ഇന്ത്യന്‍ നൃത്തത്തെ സാംസ്‌കാരികാവിഷ്‌കാരവുമായി സമന്വയിപ്പിച്ച്, അന്തര്‍ദേശീയ പ്രേക്ഷകര്‍ക്കായി ശക്തവും ആവേശകരവുമായ ഒരു സ്റ്റേജ് അനുഭവമൊരുക്കുകയാണ് ഇരുവരുടെയും ലക്ഷ്യം. ‘മോഹന്‍ലാല്‍ ഷോയുടെ ഭാഗമാകാന്‍ കഴിയുന്നത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ ബഹുമതിയാണ്. ഞങ്ങളുടെ ഓരോരുത്തരുടെയും കമ്മ്യൂണിറ്റികളെ പ്രതിനിധീകരിക്കാനും ഇത്രയും വലിയ വേദിയില്‍ നൃത്തത്തോടുള്ള അഭിനിവേശം പങ്കിടാനും കഴിയുന്നതില്‍ അഭിമാനമുണ്ട്,’ സില്‍വിയ കൈലത്തും രേനുഷാന്‍ രംഗനാഥനും പറഞ്ഞു.
മോഹന്‍ലാല്‍, കെ.എസ്. ചിത്ര, ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, രംസാന്‍ മുഹമ്മദ്, സ്വാസിക, സാനിയ ഇയ്യപ്പന്‍, വിധു പ്രതാപ്, മനോജ് ജോര്‍ജ്, അഞ്ജു ജോസഫ്, അനൂപ് കോവളം തുടങ്ങിയ വന്‍താരനിര ഷോയില്‍ അണിനിരക്കും.



