മേരേ പ്യാരീ ദേശ് വാസിയോം… കേരളം സുരക്ഷിതമാണ് ഡിജിപി; കള്ളപ്രചരണങ്ങള്‍ക്കെതിര അന്വേഷണമാരംഭിച്ചു
തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് നടക്കുന്ന വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ. സമൂഹ മാധ്യമങ്ങളില്‍ കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ ആള്‍ക്കൂട്ടം കൊലപ്പെടുത്തുകയാണെന്ന തരത്തിലുള്ള തെറ്റായ സന്ദേശത്തിനെതിരേയാണ് ഡി.ജി.പി. തന്നെ രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയെന്നും ഡി.ജി.പി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളം എല്ലാവര്‍ക്കും സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന സംസ്ഥാനമാണ്. ഒരു തരത്തിലുള്ള ആക്രമണങ്ങളും ഉണ്ടാകില്ല. തെറ്റായ സന്ദേശങ്ങളില്‍ ആരും കുടുങ്ങരുതെന്ന് അദ്ദേഹം ഹിന്ദിയിലും ബംഗാളിയിലും അഭ്യര്‍ഥിച്ചു. എവിടെ നിന്നാണ് ഇത്തരത്തില്‍ സന്ദേശങ്ങള്‍ സൃഷ്ടിച്ചതെന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. കേരളത്തിനെതിരായ ഇത്തരം പ്രചരണങ്ങളില്‍ ദുഃഖമുണ്ടെന്നും ഡി.ജി.പി. കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം മുതലാണ് ബംഗാളില്‍ കേരളത്തെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ വ്യാജ പ്രചരണങ്ങള്‍ ഉണ്ടായത്. കോഴിക്കോട്ട് ജോലി ചെയ്യുന്ന ഹോട്ടല്‍ തൊഴിലാളികളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയാണെന്ന തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുകയായിരുന്നു.









