കസ്റ്റംസ് കമ്മീഷണറുമായി ഡിജിപിയുടെ ചര്‍ച്ച ; അന്വേഷണ സംഘത്തില്‍ അതൃപ്തി

സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്റ കസ്റ്റംസ് കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ അതൃപ്തി അറിയിച്ച് അന്വേഷണ സംഘം. ഇന്നലെയായിരുന്നു കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫുമായി ഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത്. ഇക്കാര്യത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. മാത്രമല്ല അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നോ എന്നും അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കേസില്‍ സ്വപ്നയേയും സരിത്തിനേയും മൂന്നു ദിവസം ജയിലില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അനുമതി തേടി.

മാത്രമല്ല ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ആരും സമീപത്ത് ഉണ്ടാകരുതെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ കസ്റ്റംസിന് കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിങ്കളാഴ്ചയാണ് കോടതി കേസ് പരിഗണിക്കുന്നത്. നേരത്തെ ജയിലില്‍ തനിക്ക് വധഭീഷണി ഉണ്ടെന്ന് സ്വപ്ന കോടതിയെ അറിയിച്ചിരുന്നുവെങ്കിലും ഇത് ജയില്‍ വകുപ്പ് തള്ളുകയായിരുന്നു. ഈ ആരോപണത്തില്‍ ഒരു കഴമ്പും ഇല്ലെന്ന് ജയില്‍ ഡിഐജി അജയ കുമാറിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജയില്‍ ഡിഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് സര്‍ക്കാരിന് കൈമാറും.