മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം; സ്‌റ്റോപ്പ് മെമോ നല്‍കിയിട്ടുണ്ടെങ്കില്‍ അത് കര്‍ശനമായി നടപ്പാക്കണം ഹൈക്കോടതി

കൊച്ചി : മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തില്‍ റവന്യൂ വകുപ്പ് സ്‌റ്റോപ്പ് മെമോ നല്‍കിയിട്ടുണ്ടെങ്കില്‍ അത് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി.

റവന്യൂ വകുപ്പ് സ്‌റ്റോപ്പ് മെമോ നല്‍കിയെങ്കിലും തോമസ് ചാണ്ടി അത് നിരാകരിച്ച് നിലം നികത്തല്‍ തുടരുകയാണെന്ന് കായല്‍ നികത്തലിനെതിരെ ഹൈക്കോടതിയെ സമീപിച്ച കൈനകരി സ്വദേശി വിനോദ് കോടതിയെ അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌റ്റോപ്പ് മെമോ ഉണ്ടെങ്കില്‍ നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി 10 ദിവസത്തെ സമയം അനുവദിച്ചു.

മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തില്‍ ഹൈക്കോടതി നിര്‍ദേശം അനുസരിച്ച് നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ നഗരസഭയും നടപടികള്‍ സ്വീകരിച്ചിരുന്നു.