പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനൊരുങ്ങി കമലഹാസന്‍; നിസ്വാര്‍ത്ഥ സേവനം ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ക്ഷണം

ഏറെ അഭ്യൂഹങ്ങള്‍ക്ക് ശേഷം, പിറന്നാള്‍ ദിനത്തില്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനകള്‍ നല്‍കി കമലഹാസന്‍. നവംബര്‍ 7ന് വലിയ ഒരു പ്രഖ്യാപനത്തിനൊരുങ്ങിക്കൊള്ളാന്‍ കമലഹാസന്‍ ആരാധകരോട് പറഞ്ഞതായി പ്രമുഖ തമിഴ് മാധ്യമം റിപ്പോര്‍ട്ട് ചെയുന്നു.

തമിഴ്‌നാടിന് വേണ്ടി നിസ്വാര്‍ത്ഥമായി സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവരെ കമലഹാസന്‍ സ്വാഗതം ചെയ്തു. പുതിയ ആശയങ്ങളും പുതിയ മുഖങ്ങളുമാണ് തനിക്കൊപ്പം അണിചേരുകയെന്ന് കമല്‍ഹാസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയിലേക്കുള്ള ധനസമാഹരണത്തിന് സുതാര്യത ഉറപ്പാക്കുമെന്നും പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങളോട് ആം ആദ്മി പാര്‍ട്ടിയോട് കടപ്പാടുണ്ടെന്നും കമല്‍ഹാസന്‍ നേരത്തെ വിശദമാക്കിയിരുന്നു.

ജൂലൈ മുതല്‍ തന്നെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍ വെളിപ്പെടുത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടിയോട് അനുഭാവ പൂര്‍ണമായ നിലപാടുകള്‍ സ്വീകരിച്ച കമല്‍ഹാസന്‍ കാവി തന്റെ നിറമല്ലെന്ന് വ്യക്തമാക്കിയിരുന്നു. കൂടാതെ നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടിരുന്നു.

കേരളം മുഖ്യമന്ത്രി പിണറായി വിജയനുമായും, ഡല്‍ഹി മുഖ്യമന്ത്രിയും, ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളുമായും നേരെത്തെ കമല്‍ ഹാസന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.തമിഴ്‌നാട് സര്‍ക്കാരിനെതിരെയും കമലഹാസന്‍ നിരവധിതവണ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരുന്നു. എ.ഐ.ഡി.എം.കെ യുടെ ഭരണം അഴിമതിയില്‍ മുങ്ങിയതാണെന്ന് കമല്‍ഹാസന്‍ നിരവധി തവണ ആരോപിച്ചിട്ടുള്ളതാണ്.

മറ്റ് താരങ്ങളില്‍ നിന്ന് വിഭിന്നമായി സേവന പ്രവര്‍ത്തനങ്ങള്‍ നിറഞ്ഞതാണ് കമല്‍ഹാസന്റെ പിറന്നാളാഘോഷങ്ങള്‍.