ഇന്ത്യയില്‍ ഹിന്ദു തീവ്രവാദമുണ്ട്, അടിച്ചമര്‍ത്തുന്നതില്‍ കേരളം മാതൃക: കമല്‍ഹാസന്‍

ചെന്നൈ: ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഉണ്ടെന്ന് നടന്‍ കമല്‍ഹാസന്‍. യുവ തലമുറയുടെ മേല്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനാണു ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇത്തരം ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച നിലനില്‍ക്കുന്നതല്ല. ഹിന്ദുത്വവാദം ദ്രാവിഡ രാഷ്ട്രീയത്തിന് കോട്ടം തട്ടിക്കുമോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനു മറുപടിയായാണ് കമല്‍ഹാസന്‍ നിലപാട് വ്യക്തമാക്കിയത്.

ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലാണ് കമലിന്റെ അഭിപ്രായപ്രകടനം. ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കുന്നതില്‍ കേരളം മാതൃകയാണ്. മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നത്. ഹിന്ദു തീവ്രവാദി എവിടെയെന്ന ചോദ്യത്തിന് അവര്‍തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്. സിനിമാ താരങ്ങളെ പോലും ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുമെന്നും ബി.ജെ.പി നേതാവ് എച്ച്. രാജയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കമല്‍ഹാസന്‍ എഴുതി.

മെര്‍സല്‍ വിവാദവുമായി ബന്ധപ്പെട്ട് തമിഴ് സിനിമ നടന്‍ വിജയുടെ മുഴുവന്‍ പേര് പറഞ്ഞ് വിളിച്ച് വിജയ് ക്രിസ്ത്യാനിയാണെന്ന ബി.ജെ.പി നേതാവ് എച്ച്.രാജ രംഗത്ത് വന്നിരുന്നു.