അപകടത്തില്‍ പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികില്‍സ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം : റോഡ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ നേരം ചികിത്സ സൗജന്യമാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്നാണ് ഈ നടപടി. സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിക്കുന്നതെങ്കില്‍ ഈ സമയ പരിധിക്കുള്ളിലെ ചെലവ് റോഡ് സുരക്ഷ ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ നല്‍കും. സംസ്ഥാനത്ത് സമഗ്ര ട്രോമ കെയര്‍ സംവിധാനം രൂപീകരിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ 48 മണിക്കൂര്‍ നേരത്തേക്ക് രോഗിയില്‍നിന്നോ ബന്ധുക്കളില്‍ നിന്നോ പണമൊന്നും ഈടാക്കാതെ തന്നെ ചികിത്സ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് പരിഗണിക്കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികള്‍, ജില്ലാ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. അപകടത്തില്‍പെട്ടവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ആദ്യ 48 മണിക്കൂറിലെ ചികില്‍സ ചെലവ് സര്‍ക്കാര്‍ വഹിക്കും.
ഇനി സ്വകാര്യ ആശുപത്രിയിലാണ് രോഗിയെ പ്രവേശിപ്പിക്കുന്നതെങ്കില്‍ ആദ്യഘട്ടത്തിലെ ചികില്‍സക്കുള്ള ചെലവ് റോഡ് സുരക്ഷ ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ വഹിക്കും. പരിക്കേറ്റവരെ ആശുപത്രിയിലത്തിക്കാന്‍ അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തും . സ്വകാര്യ ഏജന്‍സികളില്‍ നിന്ന് ഇതിനു വേണ്ടി അപേക്ഷ ക്ഷണിക്കും. ആംബുലന്‍സ് ലഭ്യമാക്കുന്നതിനും ആശുപത്രി തെരഞ്ഞെടുക്കുന്നതിനും പ്രത്യേക സോഫ്റ്റ് വെയര്‍ തയ്യാറാക്കും. ഒരു കേന്ദ്രീകൃത കോള്‍ സെന്ററില്‍ ഇവയെല്ലാം സോഫ്റ്റ് വെയര്‍ സഹായത്തോടെ നിയന്ത്രിക്കും. റോഡ് സുരക്ഷ ഫണ്ട്, കെഎസ്ടിപി, സാമൂഹ്യ ഉത്തരവാദിത്വ ഫണ്ട്, ബജറ്റ് വിഹിതം എന്നിവ ഉപയോഗിച്ചാണ് ട്രോമ കെയര്‍ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതല ആരോഗ്യം , ആഭ്യന്തരം, ധനകാര്യം, ഗതാഗതം, പൊതുമരാമത്ത് സെക്രട്ടറിമാരെ ഏല്‍പിച്ചു.