സൗദിയില്‍ വെടിവെപ്പ് ; രണ്ടു തീവ്രവാദികള്‍ പിടിയില്‍

ജിദ്ദ : സൗദിയില്‍ തീവ്രവാദികളും പോലീസും തമ്മില്‍ വെടിവെപ്പ്. ഖാത്തിഫില്‍ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ഇതിനെ തുടര്‍ന്ന്‍ സുരക്ഷ സേന രണ്ടു ഭീകരവാദികളെ അറസ്റ്റ് ചെയ്തു.മുഹമ്മദ് സയീദ് സല്‍മാന്‍ അല്‍ അബ്ദുലാല്‍, മുസ്തഫ അലി സലേ അല്‍ സുബൈദി എന്നിവരാണ് പിടിയിലായത്.ഏറെ നേരം നീണ്ടു നിന്ന് വെടിനെപ്പിനൊടുവിലാണ് ഇവരെ പിടികൂടിയത്. ഖാത്തിഫിലെ തറൂത്തിലെ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരു വീട്ടില്‍ നിന്ന് ഇവരെ പിടികൂടാനായത്. സുരക്ഷാ സേന ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതെ സൈന്യത്തിന് നേരെ വെടിവെക്കുകയായിരുന്നു. വെടിവെപ്പില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഇവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.