ജാര്‍ഖണ്ഡില്‍ ചുംബനം മത്സരം സംഘടിപ്പിച്ച് എംഎല്‍എ; നീണ്ട ചുംബനത്തിന് സമ്മാനവും നല്‍കി

റാഞ്ചി:ജാര്‍ഖണ്ഡില്‍ പൊതുവായി ചുംബന മത്സരം സംഘടിപ്പിച്ച എം.എല്‍.എ വിവാദത്തില്‍ . ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എം.എല്‍.എ സൈമണ്‍ മാരണ്ടിയാണ് ആദിവാസി ദമ്പതികള്‍ക്കിടയില്‍ ചുംബന മത്സരം സംഘടിപ്പിച്ച് വിവാദത്തില്‍പ്പെട്ടത്. പാക്കൂരിലെ ദുമാരിയ ഗ്രാമത്തില്‍ ഡിസംബര്‍ 10-നാണ് മത്സരം സംഘടിപ്പിച്ചത്.

എന്നാല്‍, ദമ്പതിമാര്‍ക്കിടയിലെ സ്നേഹവും അനുരാഗവും ഊട്ടിവളര്‍ത്താനാണ് മത്സരം സംഘടിപ്പിച്ചതെന്നാണ് എം.എല്‍.എയുടെ വാദം. ആദിവാസികള്‍ക്കിടയില്‍ പെരുകുന്ന വിവാഹമോചനങ്ങളെ ചെറുക്കാന്‍ കൂടിയാണ് ഇത്തരമൊരു പുതമയുള്ള മത്സരം സംഘടിപ്പിച്ചതെന്നും എം.എല്‍.എ പറയുന്നു.

ആദിവാസികളുടെ വാഷികോത്സവ ചടങ്ങിലാണ് ചുംബന മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ 37 വര്‍ഷമായി ദുമാരിയയില്‍ ആദിവാസികള്‍ ഉത്സവം കൊണ്ടാടുന്നുണ്ട്.ആദിവാസി നൃത്തവും അമ്പെയ്ത്തുമത്സരവുമെല്ലാം എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ഉത്സവത്തിലുണ്ടാകും.എന്നാല്‍ ആദ്യമായാണ് ചുംബന മത്സരം നടത്തുന്നത്.20 ആദിവാസി ദമ്പതിമാരാണ് ചുംബനമത്സരത്തില്‍ പങ്കെടുത്തത്.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പാര്‍ട്ടി എം.എല്‍.എമാരായ സൈമണ്‍ മാരണ്ടിയും സ്റ്റീഫന്‍ മാരണ്ടിയും മുന്‍കൈയെടുത്ത് നടത്തിയ ഈ വിവാദ മത്സരത്തിലൂടെ സാന്താള്‍ പരഗാന വിഭാഗത്തിന്റെ സംസ്‌കാരത്തെ അപമാനിച്ചിരിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.ജാര്‍ഖണ്ഡ് ഗ്രാമീണ വികസന വകുപ്പ് മന്ത്രി സംഭവത്തില്‍ പ്രതിഷേധം അറയിച്ചു. മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയതിനെയും മന്ത്രി വിമര്‍ശിച്ചു.