ഫ്രാന്‍സിലെ ഭാരതീയ സമൂഹത്തിനും ഡബ്ലിയു.എം.എഫ് പ്രവര്‍ത്തകര്‍ക്കും ചരിത്രനിര്‍വൃതി: ഒന്നാം ലോകമഹായുദ്ധത്തില്‍ വിസ്മരിക്കപ്പെട്ട ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് പാരിസില്‍ ആദരവ് അടയാളപ്പെടുത്തി
പാരിസ്: ഒന്നാം ലോകമഹായുദ്ധകാലത്ത് വിദേശ മണ്ണില്‍ ജീവന്‍ ഹോമിച്ച ആയിരകണക്കിന് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ഒടുവില്‍ ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ ആദരവ് അടയാളപ്പെടുത്തി. ഇതോടെ ചരിത്രം മറന്നുപോയ, ഒരുപക്ഷെ മറച്ചുപിടിച്ച ഭാരതത്തിന്റെ സ്വന്തം സൈനികരുടെ ഒരു വലിയ ജീവത്യാഗത്തിന്റെ തീര്‍ച്ചപ്പെടുത്താത്ത കടം ലോകത്തിന്റെ മുമ്പില്‍ വെളിപ്പെടുത്തിയ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം പാരിസില്‍ നടന്നത്.
ഫ്രഞ്ച് പട്ടാളക്കാരുടെ കൂടെ ഒന്നാം ലോകമഹാ യുദ്ധത്തില്‍ പങ്കെടുത്തു ജീവത്യാഗം ചെയ്ത പതിനായിരക്കണക്കിന് ഭാരതീയ ജവാന്മാരുടെ സമാധിസ്ഥലത്ത് പുഷ്പചക്രം അര്‍പ്പിക്കാനുള്ള അനന്യസുലഭമായ അവസരം ഫ്രാന്‍സിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രതിനിധികള്‍ക്ക് ലഭിച്ചു. സംഘടനയുടെ ഗ്ലോബല്‍ സെക്രട്ടറി സുബാഷ് ഡേവിഡിന്റെ നേതൃത്വത്തില്‍ രാജേഷ് കെ.എം (പ്രസിഡന്റ്, ഡബ്ലിയു.എം.എഫ് ഫ്രാന്‍സ്), സുരേന്ദ്രന്‍ നായര്‍ (ഡബ്ലിയു.എം.എഫ് ഫ്രാന്‍സ്) എന്നിവരാണ് വിസ്മരിക്കപ്പെട്ട ഭാരതത്തിന്റെ പോരാളികളെ അടക്കം ചെയ്തിരിക്കുന്ന പാരിസിലെ ആര്‍ക് ഡി ട്രിഓംഫിയില്‍ പുഷപചക്രം സമര്‍പ്പിച്ചത്.
പാരിസിലെ ഇന്ത്യന്‍ എംബസ്സിയുടെ സ്ഥാനപതി വിനയ് മോഹന്‍ ക്വത്ര ജവാന്മാരുടെ ഓര്‍മയ്ക്കായി ദീപം തെളിച്ചു. ഫ്രാന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ സെലിന്‍ കാല്‍വെസ്, റെമി ഫെറോയിഡ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഒന്നാം ലോകമഹായുദ്ധത്തില്‍ 15 ലക്ഷത്തോളം ഇന്ത്യന്‍ സൈനികര്‍ പങ്കെടുത്തിരുന്നതിയിട്ടാണ് കണക്ക്. ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യക്കാരെകുറിച്ചുള്ള വിവരങ്ങളും, സൈനികര്‍ നടത്തിയ ജീവത്യാഗത്തിന്റെ കണക്കും ഒരിടത്തും കൃത്യമായി രേഖപ്പെടുത്തുകയോ വേണ്ടവിധത്തില്‍ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല ഇതുവരെ. പാരിസില്‍ നടന്ന ചടങ്ങു് ജീവത്യാഗം നടത്തിയ ഈ സൈനികരെ ഓര്‍മ്മിക്കാന്‍ വേണ്ടി മാത്രമായിരുന്നു.
ലോകയുദ്ധത്തില്‍ പങ്കെടുത്ത കുറച്ച് സൈനികര്‍ക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ‘ വിക്ടോറിയ ക്രോസ് ‘ മെഡലുകള്‍ ലഭിച്ചിട്ടുള്ളതായി ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം ഇന്ത്യന്‍ പട്ടാളക്കാരെ പരിചരിക്കുന്നതില്‍ നിന്നും യൂറോപ്യന്‍ വംശജരായ നഴ്സുമാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നതായും ഉള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടനു വേണ്ടി പൊരുതാന്‍ 15 ലക്ഷത്തോളം ഇന്ത്യക്കാര്‍ യുദ്ധമുന്നണിയില്‍ എത്തിയെന്നാണ് കണക്കാക്കപ്പെടുന്നത്. ചരിത്രപരമായ ഒരു മറവി മാത്രമല്ല, യുദ്ധമുന്നണിയില്‍ ഇന്ത്യന്‍ സൈനികര്‍ നേരിട്ട പ്രതിസന്ധികളും, വര്‍ണ വിവേചനത്തിന്റെ മുറിപ്പാടുകളും ഒരിക്കല്‍ കൂടി അയവിറക്കാന്‍ രാജ്യത്തിനു ലഭിച്ച അവസരവും കൂടിയായിരുന്നു ആര്‍ക് ഡി ട്രിഓംഫിയില്‍ ജവാന്മാര്‍ക്ക് ലഭിച്ച ആദരവ്.