ക്രിസ്മസ് ആഘോഷം മത സൗഹാര്‍ദപരമാക്കി കുളത്തുപ്പുഴക്കാര്‍ ;ഈ ക്രിസ്മസ് ആഘോഷം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ആഘോഷങ്ങളില്‍ വര്‍ഗീയത കലര്‍ത്തി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ക്ക് മാതൃകയാവുകയാണ് കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ എന്ന ഗ്രാമം.ഏത് ആഘോഷവും, ജാതിയും മതവുമൊന്നും നോക്കാതെ കൊണ്ടാടുന്ന മലയാളിപോലും ഇപ്പോള്‍ ഹിന്ദുവിന്റെയും,മുസല്‍മാന്റെയും ക്രൈസ്തവന്റെയും ആചാരങ്ങള്‍ ആഘോഷങ്ങള്‍ എന്ന് പറഞ്ഞു തുടങ്ങിയപ്പോള്‍.അല്ലെങ്കില്‍ ആഘോഷങ്ങളുടെ പേരില്‍ കലാപത്തിന് ആഹ്വാനം ചെയ്യുമ്പോള്‍,അല്ല കേരളം ഇങ്ങനെയല്ല,മലയാളികള്‍ മനുഷ്യത്വം ഉള്ളിലുള്ളവരാണ് എന്ന് ഉറക്കെ വിളിച്ചു പറയുകയാണ് കുളത്തൂപ്പുഴക്കാര്‍.

അതിനു അവര്‍ ഈ ക്രിസ്മസ് തന്നെ തിരഞ്ഞെടുത്തു.കുളത്തുപ്പുഴക്കാര്‍ ക്രിസ്മസ് ആഘോഷം തുടങ്ങിയത് പ്രശസ്തമായ കുളത്തുപ്പുഴ ശാസ്താവിന്റെ നടയില്‍ നിന്നാണ്.എല്ലാ ക്രിസ്മസ് വേളയിലും സമ്മാനപ്പൊതികളുമായെത്തുന്ന സാന്താക്‌ളോസ് കുളത്തുപ്പുഴ ശാസ്താവിനെ നടയില്‍ തൊഴുതാണ് ഇപ്പ്രാവശ്യത്തെ ക്രിസ്മസ് സന്ദര്‍ശനം തുടങ്ങിയത്.നാട്ടുകാര്‍ക്കും ശബരിമല സന്ദര്‍ശനത്തിനെത്തിയ അയ്യപ്പന്മാര്‍ക്കും മധുരം നല്‍കിയും സെല്‍ഫി എടുത്തും ആഘോഷമാക്കിയ സാന്താ നേരെ പോയത് കുളത്തുപ്പുഴ ജമാത്ത പള്ളിയിലേക്കാണ്.പള്ളിയില്‍ നിസ്‌ക്കാരം കഴിഞ്ഞിറങ്ങിയ സഹോദരന്മാര്‍ക്കൊപ്പം കേക്ക് മുറിച്ചും സമ്മാനങ്ങള്‍ നല്‍കിയും സാന്താക്‌ളോസ് മലയാളികളുടെ മത സൗഹാര്‍ദത്തെ ഒന്നുകൂടി ഓര്‍മപ്പെടുത്തി.

കുളപ്പുഴ ഫേസ്ബുക് കൂട്ടായ്മയും,കുളത്തുപ്പുഴ സെന്റ്.മലങ്കര കാത്തലിക് ചര്‍ച്ചും ചേര്‍ന്നാണ് ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.ആഘോഷങ്ങള്‍ മനുഷ്യരിലെ സന്തോഷ പ്രകടന വേദികളാണെന്നും മതസൗഹാര്‍ദത്തെ ഊട്ടി ഉറപ്പിക്കാനുള്ളതാണെന്നും ഓര്‍മിപ്പിക്കുകയാണ് കുളത്തുപ്പുഴക്കാരുടെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം.