ടി പിയെ കൊന്ന പ്രതികള്‍ക്ക് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ഒഴിച്ചിലും , പിഴിച്ചിലുമായി സുഖ ചികിത്സ

കണ്ണൂര്‍ : ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ സുഖചികിത്സ. കണ്ണൂരിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലാണ് കൊലപാതക കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന തടവ്‌ പുള്ളികള്‍ക്ക് സര്‍ക്കാര്‍ തന്നെ ചട്ടങ്ങള്‍ കാറ്റില്‍പറത്തി ചികില്‍സിക്കാനുള്ള സൗകര്യം ഒരുക്കിയത്. പ്രതികള്‍ക്ക് ചികിത്സ ആവശ്യമെങ്കില്‍ പോലീസ് സുരക്ഷയുള്ള സെല്ലുകള്‍ ആശുപത്രിയില്‍ വേണം എന്നാണ് ചട്ടം മറികടന്നാണ് ശിക്ഷയനുഭവിക്കുന്ന കെ.സി രാമചന്ദ്രനും ടി.കെ രജീഷും ചികിത്സ തേടിയത്. ഒക്‌ടോബര്‍ 11 മുതല്‍ നവംബര്‍ 25 വരെ 45 ദിവസമാണ് രജീഷ് ചികിത്സയില്‍ കഴിഞ്ഞത്. ഇതില്‍ ടിപി കേസിലെ പ്രതിയും മുന്‍ സിപിഎം നേതാവുമായ കെ സി രാമചന്ദ്രന്‍ ഇപ്പോഴും ചികിത്സ തുടരുകയാണ്. സിനിലും ചികിത്സ തുടരുന്നുണ്ട്.

കെ സി രാമചന്ദ്രന്റെ മുറിയില്‍ ആര്‍ക്കും എപ്പോഴും കയറി ചെല്ലാം എന്ന അവസ്ഥയാണ്.അതുപോലെ തൃശൂരിലെ സുരേഷ് ബാബു കൊലക്കേസ് പ്രതി ബാലാജിയും ഇവിടെ ചികിത്സ നടത്തിയിരുന്നു. കൂടാതെ കതിരൂര്‍ മനോജ് വധക്കേസ് പ്രതികളും ചികിത്സ നടത്തിയവരില്‍ ഉള്‍പ്പെടുന്നു. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മൂന്നുമാസക്കാലത്തായിരുന്നു ചികിത്സ. ചികിത്സയ്ക്കിടയില്‍ പ്രതികളില്‍ ചിലര്‍ സ്വന്തം നാട്ടില്‍ പോയി വന്നിരുന്നു. സാധാരണയായി പ്രതികളുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ചികിത്സ നടത്താമെങ്കിലും ഇവിടെ രോഗം മറയാക്കി സുഖചികിത്സയാണ് നടന്നതെന്നാണ് ഉയരുന്ന ആരോപണം.