കൈകളില്‍ നിറയെ അരിമ്പാറകള്‍ വളര്‍ന്ന് വികൃതമായി; ഇതുവരെ ചെയ്തത് 24 ശസ്ത്രക്രിയകള്‍;രോഗമുക്തി നേടാനാവാതെ ബംഗ്ലാദേശി ‘ട്രീമാന്‍’
ധാക്ക: ശരീരത്തില്‍ മുഴുവന്‍ മരച്ചില്ലകള്‍ക്ക് സമാനമായി ശിഖരങ്ങള്‍ വളരുന്ന അത്യപൂര്‍വ്വ രോഗം പിടിപെട്ട അബുള്‍ ബജന്ദാറിന്റെ ദുരവസ്ഥയോര്‍ത്ത് വിലപിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബവും,നാട്ടുകാരും. ഈ അപൂര്‍വ രോഗത്തില്‍ നിന്നും അബൂളിനെ രക്ഷിക്കാന്‍ ഇതുവരെ 24 ശാസ്ത്രക്രിയകളാണ് ഡോക്ടര്‍മാര്‍ നടത്തിയത്.ഒടുവിലത്തെ ശസ്ത്രക്രിയക്ക് ശേഷം രോഗമുക്തി നേടിയെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി ഒരു വര്‍ഷം കഴിയുമ്പോഴേക്കും അബുളിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ വീണ്ടും ഇത്തരം വളര്‍ച്ചകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
‘ട്രീ മാന്‍ ഡിസീസ്’ എന്നറിയപ്പെടുന്ന അത്യപൂര്‍വ്വ ജനിതക രോഗമാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി അബുളിനെ ബാധിച്ചിരിക്കുന്നത്. ശരീരത്തിലെ അമിതമായ ഒരുതരം അരിമ്പാര വളര്‍ച്ചയാണ് ട്രീമാന്‍ സിന്‍ഡ്രോം.രോഗം വഷളായതോടെ 2016 ജനുവരി മുതലാണ് അബുള്‍ ധാക്കയിലെ ആശുപത്രിയില്‍ ചികിത്സ ആരംഭിച്ചത്. കൈ കാലുകളില്‍ മുഴുവന്‍ ഇത്തരം വളര്‍ച്ചകള്‍ നിറഞ്ഞതിനാല്‍ അബുളിന് ജോലി ചെയ്യാന്‍ പോലും സാധിച്ചിരുന്നില്ല.
രോഗം മൂര്‍ച്ഛിച്ച് അബുളിന്റെ കൈകാലുകള്‍ വൃക്ഷത്തലപ്പുകള്‍ പോലെ ആയതോടെ 24 ശസ്ത്രക്രിയകള്‍ നടത്തി.ഇതുവരെ അഞ്ച് കിലോയിലധികം ഭാരമുള്ള വളര്‍ച്ചയാണ് ഡോക്ടര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

വീണ്ടും രോഗാവസ്ഥ പ്രകടമായി തുടങ്ങിയതിനാല്‍ തുടര്‍ ചികിത്സ ഏറെ സങ്കീര്‍ണമായി തീരുമെന്ന് കരുതുന്നതായാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത്. ചികിത്സിച്ച്‌ഭേദമാവാന്‍ ഏറെ സമയം വേണ്ടി വരുന്ന അപൂര്‍വമായ രോഗമാണ് അബുളിന്റേതെന്നും എത്ര സമയം വേണ്ടിവന്നാലും രോഗം പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.
എന്നാല്‍ തന്റെ രോഗം ഇനി ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷയില്ലെന്നാണ് അബുള്‍ പറയുന്നത്. 25 ശസ്ത്രക്രിയകള്‍ ഇതിനോടകം നടന്നു. ഇനിയും ശസ്ത്രക്രിയ വേണ്ടി വരുമോ എന്ന് താന്‍ ഭയപ്പെടുന്നതായും അബുള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.









