അപ്പൊ എങ്ങനാ..ബ്ലാസ്റ്റേഴ്സ് ഇന്ന് ജയിക്കുകയല്ലേ;സെമിയുറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സ്റ്റിനിന്ന് ജയിച്ചേ തീരു

പുണെ:കഴിഞ്ഞ കളിയില്‍ പിന്നില്‍ നിന്ന് തിരിച്ചടിച്ച് ജയിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ കളിയില്‍ ആരാധകര്‍ക്ക് ഇപ്പോഴും ചെറിയ ആശങ്കയൊക്കെയുണ്ട്.സെമി ഫൈനലുറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിയുമെന്ന കാര്യത്തില്‍ ആരധകരില്‍ പലര്‍ക്കും ആശങ്കയുണ്ട്. പക്ഷെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന്‍ ഡേവിഡ് ജെയിംസിനും കളിക്കാര്‍ക്കും തങ്ങള്‍ സെമി ഉറപ്പിക്കുമെന്ന് പൂര്‍ണ്ണ വിശ്വാസമാണുള്ളത്.

ഇന്നത്തെ മത്സരത്തില്‍ കരുത്തരായ പുണെ സിറ്റി എഫ്.സിയെ അവരുടെ തട്ടകത്തില്‍ നേരിടാനിറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്സിന് തരിമ്പും ഭയമില്ല.കാരണം തകലുദെ ശക്തി എന്താണെന്നവര്‍ക്കറിയാം.കൂടാതെ പ്രവചനാതീതമാണ് ബ്ലാസ്റ്റേഴ്സിന്റെ കളി.പൂണെയുടെ പേടിയും ഇതുതന്നെ.ഡല്‍ഹിക്കെതിരെ ദീപേന്ദ്ര നേഗി എന്ന ചെറുപ്പക്കാരനെ ഇറക്കി കളി ജയിപ്പിച്ച ജെയിംസ് പുണെക്കെതിരെ കളത്തിലിറക്കുന്ന വജ്രായുധം ഏതായിരിക്കും.

പുണെ കോച്ച് റാങ്കോ പോപോവിച്ചിന്റെ വാക്കുകളിലും ആ ആശയുണ്ട്. ”കേരള ടീമിന്റെ പ്രകടനം പ്രവചനാതീതമാണ്. അവരെ ചെറുതായി കാണാന്‍ കഴിയില്ല. മികച്ച കളി പുറത്തെടുത്താല്‍ മാത്രമേ ജയം ഉറപ്പിക്കാനാകൂ”-റാങ്കോ പറഞ്ഞു.

ആദ്യ പാദ മത്സരം നടന്ന കൊച്ചിയില്‍ രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിലൂടെ സമനില പിടിച്ചെങ്കിലും പുണെ സിറ്റിയെ നേരിടാനിറങ്ങുമ്പോള്‍ ഒന്ന് കരുതിയിരുന്നെ മതിയാകു.കിരീടസാധ്യത കല്‍പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് പുണെ.ആക്രമണത്തില്‍ അവര്‍ തെല്ലും പിഴവ് വരുത്താറില്ല. വെള്ളിയാഴ്ച്ച ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയാല്‍ 13 കളിയില്‍ 25 പോയന്റുമായി അവര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തും. അതുകൊണ്ടുതന്നെ ആഞ്ഞടിക്കുക എന്നത് തന്നെയാണ് അവരുടെ ലക്ഷ്യം.

മുന്നേറ്റത്തിലും പ്രതിരോധത്തിലുമെല്ലാം ഒരേപോലെ ശക്തിയുള്ള പുണെ 12 കളിയില്‍ ഏഴും ജയിച്ചു. ബ്ലാസ്റ്റേഴ്സാകട്ടെ 13 കളിയില്‍ നാലു വിജയങ്ങളുമായി ഏഴാം സ്ഥാനത്താണിപ്പോള്‍.

സെമിസാധ്യത നിലനിര്‍ത്തണമെങ്കില്‍ ബ്ലാസ്റ്റേഴ്സിനിന്ന് ജയം അനിവാര്യം. പരിക്കേറ്റ ബെര്‍ബറ്റോവ് തിരികെയെത്തുന്നതിന് പുറമേ ആദ്യ സീസണില്‍ കേരളത്തിന് കളിച്ച പുള്‍ഗ വീണ്ടും മധ്യനിരയിലേക്കെത്തുന്നു എന്നതും മഞ്ഞപ്പടയ്ക്ക കരുത്തേകും. അവസാന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ തോല്‍പ്പിച്ചതും ആത്മവിശ്വാസം കൂട്ടും.

‘ഞങ്ങള്‍ തയ്യാറാണ്. ആര്‍ക്കും കാര്യമായി പരിക്കില്ല. പുള്‍ഗയും ബെര്‍ബറ്റോവുമെല്ലാം പരിശീലനത്തിനെത്തിയിരുന്നു. എല്ലാവരും മികച്ച ഫോമിലുമാണ്’-കേരള കോച്ച് ഡേവിഡ് ജെയിംസിന്റെ വാക്കുകള്‍. പുതിയ താരങ്ങള്‍ ഇറങ്ങുമോ എന്ന ചോദ്യത്തിന് അതൊന്നും ആലോചനയില്ലെന്നായിരുന്നു മറുപടി.

പുണെയില്‍ കേരളം ഏറ്റവും പേടിക്കേണ്ടത് അവരുടെ മുന്നേറ്റനിരയിലെ മാര്‍സലീന്യോ-അല്‍ഫാരോ-കീന്‍ ലൂയിസ് കൂട്ടുകെട്ടിനെയാകും. ഇവരെ തടഞ്ഞുനിര്‍ത്തുക എന്നതായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ജോലി. സ്വന്തം മണ്ണില്‍ അവര്‍ ഏറെ അപകടകാരികളുമാണ്.

ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഇതില്‍ വിജയിക്കുമോ എന്നതിന് അനുസരിച്ചാകും കളിയുടെ ഗതി. പുണെയുമായി ഏഴു തവണ ഏറ്റുമുട്ടിയപ്പോള്‍ നാലിലും കേരളത്തിനായിരുന്നു ജയം. രണ്ടുതവണ സമനിലയും. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പുണെയല്ല ഇത്. പോപോവിച്ചിനു കീഴില്‍ അവര്‍ ഏറെ മാറിയിരിക്കുന്നു.