ശബരിമല എയര്‍ പോര്‍ട്ട്‌ പി സി ജോര്‍ജിന്റെ നിര്‍ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം

ശബരിമലയില്‍ എയര്‍ പോര്‍ട്ട്‌ സ്ഥാപിക്കുന്ന വിഷയത്തില്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജിന്റെ നിര്‍ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം. പി സി ജോര്‍ജ്ജിന്റെ മണ്ഡലമായ പൂഞ്ഞാറില്‍ ചെറുവള്ളി എസ്റ്റേറ്റില്‍ എയര്‍ പോര്‍ട്ട്‌ വരണം എന്ന നിര്‍ദേശത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. സാധ്യതാ പഠനത്തില്‍ കല്ലേലി, കുമ്പഴ , ളാഹാ എസ്റ്റേറ്റുകള്‍ ഉണ്ടായിരുന്നു എങ്കിലും എയര്‍ പോര്‍ട്ട്‌ വരാന്‍ ഏറ്റവും അനുയോജ്യം ചെറുവള്ളി എസ്റ്റേറ്റ് ആണെന്ന് പഠനസമ്മിതി കണ്ടെത്തുകയായിരുന്നു. റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ചിരിക്കുന്ന കല്ലേലി,കുമ്പഴ എന്നീ എസ്റ്റേറ്റുകള്‍ക്ക് മറ്റു വികസന സാധ്യതകള്‍ കുറവാണ്. വെള്ളനാടി എസ്റ്റേറ്റില്‍ നിന്നും ശബരിമലയിലേയ്ക്ക് നേരിട്ട് റോഡും നിലവിലില്ല.കൂടാതെ ഭൂരിഭാഗവും കുന്നിന്‍ പ്രദേശവും ബാക്കി സമതല പ്രദേശവുമാണ് അവിടെ.

ളാഹയിലാണ് എങ്കില്‍ അവിടെ നിന്ന് ശബരിമലയിലേയ്ക്ക് ഒരേയൊരു റോഡ്‌ മാത്രമാണ് ഉള്ളത്. അതുമല്ല കിഴക്കാംതൂക്കായ മലനിരകളാണ് ഇവിടെ കൂടുതല്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കിയത്. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്തുകയും ചെയ്തു. സ്ഥലം കണ്ടെത്തി നല്‍കിയാല്‍ വിമാനത്താവളത്തിന് അനുമതി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ശബരിമല തീര്‍ത്ഥാടകരെ ഉദ്ദേശിച്ച് ആംരംഭിക്കുന്ന ഈ വിമാനത്താവളം എരുമേലിയില്‍ നിര്‍മിക്കുമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ആറന്മുളയില്‍ വിമാനത്താവളം പണിയാനാകില്ലെന്ന് ഉറപ്പായതോടെയാണ് മറ്റിടങ്ങള്‍ പരിഗണിച്ച് തുടങ്ങിയത്. ശബരിമല തീര്‍ത്ഥാടകര്‍ക്കുകൂടി പ്രയോജനപ്പെടത്തക്കവിധമാണ് പുതിയ എയര്‍പോര്‍ട്ട്‌ വരിക എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ചെറുവള്ളിയാണ് വിമാനത്താവളത്തിന് പറ്റിയ ഇടമെന്നു ആദ്യം മുതല്‍ക്ക് ശക്തമായി വാദിച്ചിരുന്ന വ്യക്തിയായിരുന്നു പി സി ജോര്‍ജ്ജ്.