ഗണ്‍ സേഫ്റ്റിയെക്കുറിച്ച് അധ്യാപകന്‍ ക്ലാസെടുക്കുന്നതിനിടയില്‍ തോക്ക് പൊട്ടി 3 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

പി.പി. ചെറിയാന്‍

കലിഫോര്‍ണിയ: അധ്യാപകനും റിസര്‍വ് പൊലീസ് ഓഫീസറുമായ ഡെന്നിസ് അലക്സാണ്ടര്‍ തോക്ക് സുരക്ഷ സംബന്ധിച്ചു ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നതിനിടെ സെമി ഓട്ടോമാറ്റിക് തോക്കില്‍ നിന്നും പൊട്ടി മൂന്നു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റതായി റിപ്പോര്‍ട്ട്.

നോര്‍ത്തേണ്‍ കലിഫോര്‍ണിയ സീ സൈഡ് ഹൈസ്‌കൂളിലാരുന്നു സംഭവം.തോക്ക് എങ്ങനെ പൊട്ടിക്കാം എന്ന് കാണിച്ചുകൊടുക്കുന്നതിന് മുകളിലേക്ക് ഉയര്‍ത്തി കാഞ്ചി വലിക്കുകയായിരുന്നു. തോക്കില്‍ നിന്നുള്ള ബുള്ളറ്റ് മുറിയുടെ സീലിങ്ങില്‍ തട്ടി നാലുപാടും ചിതറി വീണു കുട്ടികളുടെ ശരീരത്തില്‍ തറയ്ക്കുകയായിരുന്നു.

പരുക്ക് ഗുരുതരമല്ലെങ്കിലും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തോക്കില്‍ വെടിയുണ്ടയില്ലെന്നു പറഞ്ഞാണ് അധ്യാപകന്‍ കാഞ്ചി വലിച്ചതെന്ന് പറയപ്പെടുന്നു. അധ്യാപകന്‍ അഡ്മിനിസ്ട്രേറ്റീവ് അവധിയില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ട്. കലിഫോര്‍ണിയ സ്‌കൂളുകളില്‍ ഫയര്‍ ആം നിരോധിച്ചിട്ടുണ്ട്. അധ്യാപകന്‍ ക്ലാസ് മുറിയിലേക്ക് നിറതോക്ക് കൊണ്ടുവന്നതിന്റെ കാരണം അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.