കായല്‍ കൈയ്യേറ്റം ; ജയസൂര്യ നിര്‍മ്മിച്ച ബോട്ടു ജെട്ടി പൊളിച്ചു നീക്കി

നടന്‍ ജയസൂര്യയുടെ ചിലവന്നൂര്‍ കായലിലെ കയ്യേറ്റം കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കി. കയ്യേറ്റം പൊളിച്ചുനീക്കുന്നതിന് എതിരേ ജയസൂര്യ തദ്ദേശ ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് നടപടി. കായല്‍ കൈയറി നിര്‍മിച്ചെന്ന് കണ്ടെത്തിയ ബോട്ട് ജെട്ടിയും മതിലുമാണ് നഗരസഭ പൊളിച്ച് നീക്കിയത്. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കണമെന്ന് നഗരസഭ നേരത്തെ ജയസൂര്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ തദ്ദേശ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു താരം. എന്നാല്‍ ട്രിബ്യൂണല്‍ പരാതി തള്ളിയതോടെയാണ് നഗരസഭ ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നത്.

ഫെബ്രുവരി 27 നാണ് ജയസൂര്യയുടെ അപ്പീല്‍ തദ്ദേശ ട്രിബ്യൂണല്‍ തള്ളിയത്. ജയസൂര്യ കായല്‍ കയ്യേറിയെന്നും ഇത് പൊളിച്ചുനീക്കണമെന്നും കാണിച്ച് പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് ഹര്‍ജി നല്‍കിയിരുന്നത്. ഒന്നര വര്‍ഷം മുമ്പ് നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി വന്നിരുന്നെങ്കിലും ജയസൂര്യ അപ്പീല്‍ നല്‍കിയതിനാല്‍ തുടര്‍നടപടികള്‍ എടുത്തിരുന്നില്ല. ചിലവന്നൂര്‍ കായല്‍ അതിര്‍ത്തിയായി വരുന്ന രീതിയിലാണ് ജയസൂര്യയുടെ വീട്. വീടിന്റെ പിന്നില്‍, ബോട്ടും മറ്റും അടുപ്പിക്കുന്നതിനായി കായലിലേക്ക് ഇറക്കി നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ട്രക്ചറാണ് കയ്യേറ്റമായി മാറിയത്.