ബെര്‍ബ ബ്ലാസ്റ്റേഴ്സിലെത്തിയതെന്തിനെന്ന് തനിക്കറിയാം, ആഞ്ഞടിച്ച് ജയിംസ്

ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ദിമിറ്റര്‍ ബെര്‍ബറ്റേവിനു ടീമില്‍ സൂപ്പര്‍ താര പരിവേഷമായിരുന്നു. എന്നാല്‍ സീസണിലുടനീളം നിരാശജനകമായ പ്രകടനം കാഴ്ച്ചവെച്ച ബെര്‍ബ സൂപ്പര്‍ കപ്പിനു മുന്‍പ് തിരിച്ചു നാട്ടിലേക്കു പറക്കുകയും പരിശീലകന്‍ ഡേവിഡ് ജയിംസിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.

താന്‍ കണ്ടതില്‍ ഏറ്റവും മോശം പരിശീലകനായിരുന്നു ഡേവിഡ് ജയിംസ് എന്നായിരുന്നു ബെര്‍ബറ്റേവ് ജയിംസിനെതിരെ ആഞ്ഞടിച്ചത്. ജയിംസിന്റെ കളി രീതികള്‍ക്കെതിരെ ബ്ലാസ്റ്റേഴ്സ് വിടുന്ന സമയത്ത് ബെര്‍ബറ്റോവ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ബെര്‍ബെയുടെ വിമര്‍ശനത്തിന് അതേനാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ് ഡേവിഡ് ജയിംസ് ഇപ്പോള്‍

ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിക്കാനാണ് താരങ്ങളെ ടീമിലെത്തിക്കുന്നതെന്നും അല്ലാതെ ഇന്ത്യയില്‍ അവധിക്കാലം ആഘോഷിക്കാനല്ല അവര്‍ വരുന്നതെന്നും ജയിംസ് തുറന്നടിച്ചു. കരാര്‍ ഒപ്പിടുന്നതിനു മുന്‍പു തന്നെ കളിക്കാര്‍ക്ക് ഇന്ത്യയിലേക്കു വരാന്‍ താല്‍പര്യമുണ്ടോ എന്ന കാര്യം അറിഞ്ഞതിനു ശേഷം അവരെ ടീമിലെടുക്കുകയാണ് നല്ലതെന്ന് ജയിംസ് പറഞ്ഞു.

ബെര്‍ബറ്റോവ് എന്തിനാണ് ഇന്ത്യയിലെത്തിയതെന്ന് തനിക്കറിയാമെന്നും എന്നാല്‍ അതിനെക്കുറിച്ച് കൂടുതല്‍ പറയുന്നില്ലെന്നും ജയിംസ് കൂട്ടിച്ചേര്‍ത്തു. ബെര്‍ബറ്റോവിന്റെ വിമര്‍ശനം തന്നെ ബാധിക്കുന്നില്ലെന്നും ബെര്‍ബറ്റോവിനെ ടീമിലെത്തിച്ചത് താനല്ലെന്നും ജയിംസ് പറഞ്ഞു. ഇന്ത്യ ഒരിക്കലും യൂറോപ്പല്ല. പക്ഷേ ഫുട്ബോളിനോടുള്ള ആരാധകരുടെ സ്നേഹം മനസിലാക്കി അതിനനുസരിച്ച് നില്‍ക്കാനാണ് കളിക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും ജെയിംസ് കുട്ടിച്ചേര്‍ത്തു. ഏപ്രില്‍ 6ന് സൂപ്പര്‍ കപില്‍ നെറോക്ക എഫ്സിയെ നേരിടാനിരിക്കയാണ് ബ്ലാസ്റ്റേഴ്സ്.