വടകര മോര്‍ഫിംഗ് കേസ്: മുഖ്യപ്രതി ബിബീഷ് പിടിയില്‍

ഇടുക്കി:വടകരയില്‍ വിവാഹ വീഡിയോകളിലെ സ്ത്രീകളുടെ ഫോട്ടോ അശ്ളീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതി ബിബീഷ് പിടിയില്‍. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇടുക്കി രാജമുടിയിലെ ബന്ധുവീട്ടില്‍ നിന്ന് ബിബീഷിനെ പിടികൂടിയത്. കേസ് അന്വേഷിക്കുന്ന വടകര ഡിവൈഎസ്പിക്ക് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

വടകരയിലെ സദയം ഷൂട്ട് ആന്‍ഡ് എഡിറ്റിലെ വീഡിയോ എഡിറ്ററായിരുന്നു ഇയാള്‍. വിവാഹ വീഡിയോകളില്‍ ഉള്ള സ്ത്രീകളുടെ ഫോട്ടോ എഡിറ്റ് ചെയ്ത് അശ്‌ളീല ചിത്രങ്ങളായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു ഇയാള്‍.ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സ്ത്രീകള്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. ഇതിനു പിന്നാലെ ബീബീഷ് ഒളിവില്‍ പോയിരുന്നു.ഇടുക്കിയിലെ ഭാര്യ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണ സംഘം അവിടെ എത്തിയത്. ബിബീഷിനെ പിടികൂടാനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കേസില്‍ സ്റ്റുഡിയോ ഉടമ ദിനേശനെയും ഫോട്ടോഗ്രാഫര്‍ സതീശനെയും രണ്ട് ദിവസം മുന്‍പ് തൊട്ടില്‍പാലത്തുള്ള ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടികൂടിയിരുന്നു. 450000 അധികം ഫോട്ടോകള്‍ ഉള്ള ഹാര്‍ഡ് ഡിസ്‌ക് പൊലീസ് സ്റ്റുഡിയോയില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സിഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.