സ്‌കൂളിന് 100 മേനിവിജയം ഉറപ്പാക്കാന്‍ ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് ടി.സി നല്‍കിയാതായി പരാതി
കോഴിക്കോട്: 100 ശതമാനം വിജയം ഉറപ്പാക്കാനായി വിദ്യാര്‍ഥികള്‍ക്ക് ടിസി നല്‍കി പുറത്താക്കുന്ന നടപടി സംസ്ഥാനത്തെ സ്‌കൂളുകളില്‍ തുടരുന്നു. പഠന നിലവാരം മോശമാണ് എന്ന് ആരോപിച്ച് കരിപ്പൂര്‍ എയര്‍പോര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസിലെ ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് ടി.സി നല്‍കിയതായാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംഭവം. ഇവര്‍ എല്‍.കെ.ജി മുതല്‍ ഈ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്. പുറത്താക്കിയവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. കുട്ടികളെ പുറത്താക്കിയതിന് പുറമെ മറ്റ് സ്‌കൂളുകളില്‍ പ്രവേശനം തടസ്സപ്പെടുത്തുന്ന രീതിയില്‍ ഈ സ്‌കൂള്‍ അധികൃതര്‍ ഇടപെട്ടുവെന്നും പറയുന്നുണ്ട്.
കുട്ടികള്‍ക്ക് സി.ബി.എസ്.ഇ സിലബസ് പഠിക്കാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയതെന്നും, മാത്രമല്ല സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കുട്ടികളെ അധിക്ഷേപിച്ചുവെന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നു. ഇതുവരെയുള്ള ക്ലാസുകളിലെല്ലാം മോശമല്ലാത്ത മാര്‍ക്ക് വാങ്ങിച്ചിരുന്ന വിദ്യാര്‍ത്ഥികളാണ് പുറത്താക്കപ്പെട്ടതെന്നും, ഈ വിദ്യാര്‍ഥികളെന്നും തോല്‍ക്കുന്ന അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലെന്നും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. രക്ഷിതാക്കളുടെ പരാതി ഗൗരവമുള്ളതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പത്താംക്ലാസ് വരെ വിദ്യാര്‍ഥികള്‍ക്ക് പ്രഥമിക വിദ്യാഭ്യാസം സ്‌കൂളുകള്‍ ഉറപ്പാക്കേണ്ടതുണ്ട്. ഈ ഉത്തരവ് മറികടന്നാണ് പുറത്താക്കല്‍ നടപടിയെന്നാണ് ആരോപണം. എന്നാല്‍ വിദ്യാര്‍ഥികളോട് പുരീക്ഷയ്ക്ക് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരായില്ലെന്നും പകരം രക്ഷിതാക്കള്‍ ടി.സി വാങ്ങി പോവുകയായിരുന്നുവെന്നും സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ശ്രീകല പ്രതികരിച്ചു.
സ്‌കൂളിലെ നൂറ് മേനിക്ക് കോട്ടം തട്ടുമെന്ന് കണ്ട് വയനാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആദിവാസി വിദ്യാര്‍ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അധികൃതര്‍ അനുവദിക്കാതിരുന്ന സംഭവം കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ പോലെ പത്താംക്ലാസില്‍ നൂറ് ശതമാനം വിജയം ഉറപ്പാക്കാനായി ഒമ്പതാംക്ലാസില്‍ നിന്ന് തോല്‍പിച്ചത് കൊണ്ട് കോട്ടയത്ത് ബിന്റോ ഈപ്പന്‍ എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതും കഴിഞ്ഞയാഴ്ചയായിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്‌കൂളിലെ അധികൃതരുടേയും നടപടി.









