സരസ്വതി രംഗനാഥന് ബെസ്റ്റ് ഏഷ്യന്‍ എന്റര്‍ടെയ്നര്‍ അവാര്‍ഡ്

പി.പി. ചെറിയാന്‍

ഷിക്കാഗോ: ഇന്ത്യന്‍ അമേരിക്കന്‍ മ്യുസിഷ്യന്‍ സരസ്വതി രംഗനാഥന് ബെസ്റ്റ് ഏഷ്യന്‍ എന്റര്‍ടെയ്നര്‍ അവാര്‍ഡ്. ഇല്ലിനോയ്സ് ഹൈഡ് പാര്‍ക്ക് ലോഗന്‍ സെന്ററില്‍ സംഘടിപ്പിച്ച മുപ്പത്തി ഏഴാമത് ഷിക്കാഗൊ മ്യൂസിക്ക് അവാര്‍ഡ്സ് ചടങ്ങില്‍ വെച്ചാണ് സ്വരസ്വതിക്ക് അവാര്‍ഡ് സമ്മാനിച്ചത്.

കര്‍ണ്ണാട്ടിക്ക്, ക്ലാസിക്കല്‍, വീണാ ആര്‍ട്ടിസ്റ്റായ ഷിക്കാഗോയില്‍ നിന്നുള്ള ഇവര്‍ ക്രോസ് കള്‍ച്ചറല്‍ മ്യൂസിക്ക് അംബാസിഡര്‍ കൂടിയാണ്. അമേരിക്കയിലും ഇന്ത്യയിലും നിരവധി സംഗീത പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള സരസ്വതി ഷിക്കാഗോ വേള്‍ഡ് മ്യൂസിക്ക് ഫെസ്റ്റിവലില്‍ വീണവായനയിലൂടെ ശ്രോതാക്കളുടെ മനം കവര്‍ന്ന സംഗീതജ്ഞയാണ്.

സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത് തന്റെ മാതാവില്‍ നിന്നും അമ്മൂമയില്‍ നിന്നുമാണെന്ന് കര്‍ണാടകയില്‍ ജനിച്ച സരസ്വതി പറഞ്ഞു. ആറ് വയസ്സില്‍ വീണവായന പരിശീലനം ആരംഭിച്ചുവെന്നും ഇവര്‍ പറയുന്നു. ലയോള യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയില്‍ നിന്ന് എംബിഎയും സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദവും സരസ്വതി കരസ്ഥമാക്കിയിട്ടുണ്ട്.

സ്വന്തമായി സംഗീത വിദ്യാലയം നടത്തുന്ന ഇവരുടെ ശിഷ്യഗണങ്ങളില്‍ പലരും കര്‍ണ്ണാട്ടിക് ക്ലാസിക്കല്‍ വോക്കല്‍ ആന്റ് വീണയില്‍ പ്രശസ്തമാണ്.