‘സ്വര്‍ഗ്ഗാണ് ഞമ്മടെ സ്വിറ്റ്‌സര്‍ലന്‍ഡ്’: ഗോപി സുന്ദറിലൂടെ

സൂറിച്ച്: പ്രമുഖ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ‘സ്വര്‍ഗ്ഗാണ് ഞമ്മടെ സ്വിറ്റ്‌സര്‍ലന്‍ഡ് ‘ എന്ന മ്യൂസിക് ആല്‍ബം അദ്ദേഹത്തിന്റെ യൂട്യൂബ് ചാനല്‍ ആയ ‘ഗോപി സുന്ദര്‍ മ്യൂസിക് കമ്പനി യിലൂടെ റിലീസ് ചെയ്തു.
പച്ചപുല്‍ത്തകിടികളും ശാന്തനീലജലാശയങ്ങളും, ഹരിതതാഴ്വരകളും, ഹിമഗിരിശൃംഗങ്ങളും, മലകള്‍ ചുരത്തുന്ന പളുങ്കു ജലധാരകളും, മലര്‍ക്കാവുകളും നിറഞ്ഞ പര്‍വ്വത ഗ്രാമ പറുദീസയായ സിറ്റ്‌സര്‍ലണ്ടിലൂടെ സഞ്ചരിക്കുന്ന വിനോദ സഞ്ചാരികളുടെ കണ്ണ് വര്‍ണ്ണ മനോഹരകാഴ്ചകള്‍ കണ്ട് കണ്ട് കൊതി തീരും. ശാന്തിയും, സമാധാനവും, സമ്പന്നതയും, സന്തുഷ്ടിയും, പ്രകൃതിഭംഗിയും കൂടിച്ചേര്‍ന്ന സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തിന്റെ ചാരുത ഒട്ടും ചോരാതെ ഭാവതരളിതമായ വരികള്‍കളിലൂടെ, ചോക്ലേറ്റ് മുധുര നാദത്തിലൂടെ, വര്‍ണ്ണ മനോഹര ചിത്രങ്ങള്‍ പീലി നിവര്‍ത്തിയാടുന്ന നയനമനോഹര കാഴ്ചകളിലൂടെ സ്വിസ്സിലെ ഒരു കൂട്ടം കലാകരന്‍മാര്‍ ഒരുക്കിയ ആല്‍ബമാണ്, സ്വര്‍ഗ്ഗാണ് ഞമ്മടെ സ്വിറ്റ്‌സര്‍ലാണ്ട്.

1948 ആഗസ്റ്റ് 14 നു ഇന്ത്യയും സ്വിറ്റ്‌സര്‍ലണ്ടും തമ്മില്‍ ഡല്‍ഹിയില്‍ സൗഹൃദ കരാറില്‍ ഒപ്പു വച്ചു. അന്നുമുതല്‍ സ്വതന്ത്രഭാരതത്തിന്റെ ആദ്യ സുഹൃത്താണ് സ്വിറ്റ്‌സര്‍ലണ്ട്. 2018 ല്‍ ഇരുരാജ്യങ്ങളും സൗഹൃദത്തിന്റെ സപ്തതി ആഘോഷിക്കുന്ന വേളയില്‍ അരനൂറ്റാണ്ടിലേറെയായി സ്വിസ്സില്‍ കുടിയേറിയ മലയാളികളുടെ സ്വിസ്സിനോടുള്ള സമര്‍പ്പണമാണ്, സ്വര്‍ഗ്ഗാണ് ഞമ്മടെ സ്വിറ്റ്‌സര്‍ലാണ്ട് എന്ന ആല്‍ബം.

‘മരതകപ്പട്ടുടുത്ത’ മലയാള നാട് പോലെ അതിമനോഹരിയായ സ്വിറ്റ്‌സര്‍ലണ്ട്. വയലാര്‍ പാടിയതുപോലെ സ്ത്രീധനമായി കിട്ടിയിരിക്കുന്ന പുഴകള്‍ മലകള്‍ പൂവനങ്ങള്‍, ഇവയുടെയെല്ലാം അവര്‍ണ്ണനീയമായ മാസ്മരിക ഭംഗി തന്റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്ത ഫൈസല്‍ കാച്ചപ്പള്ളി തന്നെയാണ് ആല്‍ബത്തിന്റെ സംവിധാനവും, പാട്ട് റെക്കോര്‍ഡിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. യുകെയില്‍ യുക്മ സ്റ്റാര്‍ സിഗര്‍ 3 യിലെ മത്സരാര്‍ത്ഥിയായി പങ്കെടുത്ത പേളി പെരുംപള്ളിലാണ് സ്വിസ്സ് വാച്ചിന്റെ കൃത്യതയോടെ കിറു കൃത്യമായി ശ്രുതിലയ രാഗസ്വരമാധുരിയോടെ ഈ ഗാനം ആലപിച്ചിരിക്കുന്നത്. പുതു തലമുറയിലെ ആലാപനഭംഗിയുള്ള ഗായികയായ പേളി, ബാസലിലെ ജോയി& ജെസ്സി പെരുംപള്ളില്‍ ദമ്പതിമാരുടെ മൂത്ത പുത്രിയാണ്. സ്വിറ്റ്‌സര്‍ലണ്ടിന്റെ മാദകഭംഗി ക്യാന്‍വാസിലെന്നപോലെ വരികളില്‍ വരച്ചത് ടോം കുളങ്ങരയും, സംഗീതത്തിന്റെ മേല്‍നോട്ടം നിര്‍വഹിച്ചത് ജയ്സണ്‍ കരേടനുമാണ്.

കേരള സംസ്ഥാന അവാര്‍ഡ് ജേതാവും, ബിഗ് ജി ബാന്‍ഡിന്റെ ഉടമയുമായ പ്രസിദ്ധ സംഗീത സംവിധായകന്‍ ശ്രീ: ഗോപിസുന്ദര്‍, ഗൂഡാലോചന എന്ന സിനിമയ്ക്ക് വേണ്ടി സഗീതം നല്‍കിയ ഖല്‍ബിലെ തേനൊഴുകണ കോയിക്കോട് എന്ന പാട്ടിന്റ അനുകരണമാണ് സ്വര്‍ഗ്ഗാണ് ഞമ്മടെ സ്വിറ്റ്‌സര്‍ലാണ്ട്.