സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് എതിരെ നടി അനുശ്രീ ; ഇങ്ങനെ ഒരു സംഘടനയുടെ ആവശ്യം ഇല്ല
നിലവില്‍ മലയാള സിനിമയില്‍ വനിതാ സംഘടനയുടെ ആവശ്യം ഉള്ളതായി തോന്നുന്നില്ലെന്ന് നടി അനുശ്രീ. സംഘടനയില്‍ അംഗമല്ലാത്ത ആളാണ് താനെന്നും അവിടെ പോയിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും നടി പറഞ്ഞു. ഞാന്‍ അമ്മയില്‍ പോലും അംഗമല്ല. സിനിമയില്‍ വരുന്ന കാലത്ത് ഈ രംഗത്ത് തിളങ്ങാന്‍ കഴിയുമെന്ന് ഉറപ്പില്ലായിരുന്നു. അന്ന് അമ്പതിനായിരമോ അറുപതിനായിരമോ രൂപ കൊടുത്ത് എന്തിനാണ് അംഗത്വം എടുക്കുന്നത്. സിനിമ കിട്ടാതെ വന്നാല്‍ ഈ പണം തിരികെ തരില്ലല്ലോ. അപ്പോള്‍ കുറച്ചൊന്ന് മുന്നോട്ട് പോകട്ടെ എന്ന് ചിന്തിച്ചു എന്നും താരം പറയുന്നു.
ഞാന്‍ നിലവില്‍ സിനിമയിലെ വനിതാ സംഘടനയിലില്ല. എന്റെ വ്യക്തിപരമായ കാഴ്ചപ്പാടനുസരിച്ച് അങ്ങനെ വനിതാകൂട്ടായ്മ വേണം എന്ന് തോന്നുന്നില്ല. എനിക്ക് അംഗമായി പോയി അവിടെ ഇരുന്ന് സംസാരിക്കണം എന്ന് തോന്നിയിട്ടില്ല. നടിയെ ആക്രമിച്ച വിഷയത്തില്‍ എല്ലാവരും ദിലീപേട്ടനെതിരെയാണ് പറഞ്ഞത്. എന്നാല്‍ ഇപ്പോഴും അറിയില്ല, അത് ദിലീപേട്ടനാണോ ചെയ്തതെന്ന്. പലരും ദിലീപേട്ടനാണ് ചെയ്തത് എന്ന തരത്തില്‍ പരസ്യമായി മൈക്കിലൂടെ പ്രസംഗിച്ചു.
ദിലീപേട്ടനല്ല ഇതിന് പിന്നിലെങ്കില്‍ പറഞ്ഞത് അവര്‍ക്ക് തിരിച്ചെടുക്കാനാകുമോ?. നമുക്ക് ഉറപ്പുണ്ടെങ്കില്‍ മാത്രം കാര്യങ്ങള്‍ പരസ്യമായി പറയുക. വനിതാ കൂട്ടായ്മ ആയിക്കോട്ടെ. പക്ഷേ പറയേണ്ട കാര്യങ്ങള്‍ മാത്രം പറയുക. ഒരു പ്രശ്നമുണ്ടെങ്കില്‍ അത് സംഘടനയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുക. അല്ലാതെ പുറത്ത് പറയേണ്ട കാര്യമില്ല. ദിലീപേട്ടന്റെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, അവരുടെ പ്രസ്താവനകള്‍ കേട്ടുകഴിഞ്ഞാല്‍ അറിയാമല്ലോ ആരെക്കുറിച്ചാണ് പറയുന്നതെന്ന്. അമ്മ സംഘടന തന്നെ ദിലീപേട്ടനെ പുറത്താക്കിയിരുന്നല്ലോ? ഇവര്‍ അതിനിടയ്ക്ക് സംഘടനയുമായി മുന്നോട്ട്വന്നു. ആ സംഘടന ഇപ്പോള്‍ എവിടെ? ആ കൂട്ടായ്മയുടെ പുതിയ സംഭവങ്ങള്‍ വരുമ്പോള്‍ പിന്നെ അതിന്റെ പിറകില്‍ പോകുമെന്നും അനുശ്രീ പറയുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്ത്രീ സംഘടനകളെപ്പറ്റിയുള്ള തന്റെ നിലപാട് തുറന്ന് പറഞ്ഞത്.








