അഭിമന്യുവിന്‍റെ കൊലപാതകം ; പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ്; സത്യസരണിയിലും ഗ്രീന്‍വാലിയിലും പരിശോധന

മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ശക്തമായ പോലീസ് പരിശോധന. മലപ്പുറം മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലുമാണ് ഒരേ സമയം പൊലീസ് പരിശോധന നടത്തുന്നത്. കാടാമ്പുഴയ്ക്കടുത്തുള്ള കേന്ദ്രത്തിലും പരിശോധനയുണ്ട്. കഴിഞ്ഞ ദിവസം എസ്ഡിപിഐയുടെ ഓഫീസുകളില്‍ നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെയാണിത്.അഭിമന്യു വധക്കേസില്‍ ഒളിവിലുള്ള 12 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ഇതിനായുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെടുന്നതിന് മുന്‍പ് അഭിമന്യുവിന് വന്ന ഫോണ്‍ കോളുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ലുക്കൗട്ട് നോട്ടീസിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രതികള്‍ വിദേശത്തേക്ക് കടക്കുമെന്ന സൂചനയെത്തുടര്‍ന്നാണിത്. കേസുമായി ബന്ധപ്പെട്ട് രണ്ടു പേര്‍കൂടി ഇന്ന് അറസ്റ്റിലായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരാണ് അറസ്റ്റിലായത്.

അഭിമന്യുവിനെ കുത്തിയതാരാണെന്ന് പോലീസിന് സൂചനകളുണ്ടെങ്കിലും പ്രതികളെ മുഴുവന്‍ കിട്ടിയാലേ ഇത് സ്ഥിരീകരിക്കാനാകൂ. മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദിനെയാണ് ഇപ്പോള്‍ ഒന്നാംപ്രതിയായി കണക്കാക്കുന്നത്. എന്നാല്‍, കുത്തിയത് ഇയാള്‍ തന്നെയാണോയെന്ന് മുഴുവന്‍ പേരുടെയും അറസ്റ്റിനു ശേഷമേ അറിയാനാകൂ. മഹാരാജാസ് കൊലപാതകത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരും പൊലീസും തങ്ങളെ വേട്ടയാടുകയാണെന്ന ഇരവാദം എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ മാധ്യമങ്ങളിലൂടെ വിലപിക്കുന്നതിനിടെയാണ് വീണ്ടും റെയ്ഡുകള്‍ നടക്കുന്നത്. അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നാലെ നൂറു കണക്കിന് എസ്ഡിപിഐ നേതാക്കളെ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ സൂക്ഷിച്ചിരുന്നു.