നിങ്ങള്‍ക്ക് മാനസിക രോഗം ഇല്ല എന്ന് എങ്ങനെ കണ്ടെത്താം

വളരെയധികം മാനസിക പിരിമുറുക്കത്തിലൂടെ ഓരോ വ്യക്തികളും കടന്നുപോകുന്ന കാലമാണ് ഇപ്പോള്‍. കുടുംബം, ജോലി,സമൂഹം എന്നിവയില്‍ നിന്നും ലഭിക്കുന്ന കടുത്ത സമ്മര്‍ദം പലരെയും ഏറെ അലട്ടുന്നുമുണ്ട്‌. വിഷാദരോഗികളുടെ അളവ് സമൂഹത്തില്‍ കൂടി വരുന്നതും ആത്മഹത്യ പ്രേരണകള്‍ വര്‍ധിക്കുന്നതും എല്ലാം ഈ മാനസിക സമ്മര്‍ദം കൊണ്ട് തന്നെയാണ്. ഒരാളുടെ ശാരീരികാരോഗ്യത്തോളം പ്രധാനമാണ് മാനസികാരോഗ്യവും. ഇക്കാലത് ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അഞ്ചിൽ ഒരാൾവീതം മാനസികരോഗം അനുഭവിക്കുന്നവരാണ്. തൊഴില്‍, സാമൂഹിക ബന്ധങ്ങള്‍ എന്നിവിടങ്ങളിലെ വിജയത്തിന് മാനസികാരോഗ്യം മുഖ്യമാണ്.

മാനസികാരോഗ്യം കുറയുമ്പോള്‍ ആണ് നമ്മള്‍ സമൂഹത്തില്‍ നിന്നും ഒറ്റപെട്ട് പോകുന്നത്. ജോലി, സുഹൃത്തുക്കള്‍, പങ്കാളി, കുടുംബം എന്നിവരുമായുള്ള ബന്ധം, സാമ്പത്തിക സ്ഥിതി, മുന്‍കാല അനുഭവങ്ങള്‍ ചിലപ്പോള്‍ ഒരാളുടെ മാനസികാരോഗ്യത്തെ തകര്‍ക്കും. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായവരും നമുക്കിടയില്‍ ഉണ്ട്. മാനസികപരമായി ശക്തരായ ഇവരെ പോലെയാണോ നിങ്ങള്‍ എന്ന് ശ്രദ്ധിക്കു. എന്താണ് ഇവര്‍ക്കുള്ള പ്രത്യേകത എന്ന് നോക്കാം.

നല്ല മനസികാരോഗ്യമുള്ള ആളുകളുടെ ലക്ഷണമാണ് കാര്യങ്ങളെ പക്വതയോടെ സമീപിക്കുകയും അത് വേണ്ട വിധം ചെയ്തു തീര്‍ക്കുകയും ചെയ്യുക എന്നത്. ചില ആളുകളെ ശ്രദ്ധിച്ചിട്ടില്ലേ, അവര്‍ വളരെയധികം പ്ലാനുകള്‍ മനസ്സില്‍ കൊണ്ടുനടക്കും എന്നാല്‍ ഒന്നും പ്രാവര്‍ത്തികമാകില്ല. എന്നാല്‍ ഇവര്‍ പ്ലാന്‍ ചെയ്യുന്നത് എന്തോ അത് തന്നെ നടപ്പിലാക്കാന്‍ ശ്രമിക്കും. ഒരുവേള നടന്നില്ല എങ്കില്‍ അതിന്റെ പേരില്‍ വിഷമിച്ച് നടക്കാതെ വീണ്ടും വീണ്ടും പരിശ്രമിക്കും. കൂടാതെ ദേഷ്യമോ സങ്കടമോ അമിതമായി വികാരങ്ങള്‍ പുറത്തു കാണിക്കാത്തവരാണ് ഇവര്‍. വികാരങ്ങളെ എങ്ങനെ അടക്കി നിര്‍ത്തണം എന്ന് നിശ്ചയമുള്ളവര്‍ ആണ് നല്ല മാനസികാരോഗ്യമുള്ളവര്‍. ആവശ്യമില്ലാത്ത വഴക്കുകളില്‍ ഇവര്‍ ചെന്ന് ചാടാറില്ല.

അതുപോലെ നല്ല മാറ്റങ്ങളെ ഉള്‍കൊള്ളുകയും ഏതു കാര്യത്തിലും നല്ലത് മാത്രം കണ്ടെത്തി അത് പിന്തുടരുകയും ചെയ്യുന്നവര്‍ ആണ് ഇവര്‍. കാര്യങ്ങളുടെ രണ്ടു വശങ്ങളെ കുറിച്ചു ചിന്തിച്ചു പ്രവര്‍ത്തിക്കാന്‍ ഇവര്‍ മിടുക്കരാണ്. കൂടാതെ ഒരു പ്രശ്നം ഉണ്ടായാല്‍ അത് എന്ത് കൊണ്ട് എന്ന് ചിന്തിച്ചു അതിനെ വിലയിരുത്താന്‍ ഇവര്‍ക്ക് കഴിയും. അമിതമായി പ്രതികരിക്കാതെ കാര്യങ്ങളുടെ കിടപ്പുവശം മനസിലാക്കി ഇവര്‍ പെരുമാറും. ഏറ്റവും മുഖ്യമായത് എന്തെന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും ഇവര്‍ക്ക് സന്തോഷം കണ്ടെത്താന്‍ സാധിക്കും. അതുപോലെ എന്ത് ജോലി ചെയ്യാന്‍ ആണെങ്കിലും അതില്‍ സന്തോഷം കണ്ടെത്തി ഇവര്‍ ആസ്വദിച്ചു ചെയ്തു തീര്‍ക്കും.

മറ്റുള്ളവരുടെ എല്ലാ കാര്യങ്ങളിലും സഹായിക്കാന്‍ മനസ്ഥിതി ഉള്ള ഇവര്‍ തങ്ങള്‍ക്കായി ഒരല്‍പം സമയം നീക്കി വെയ്ക്കാന്‍ ശ്രദ്ധിക്കും‍. കുറച്ചു നേരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് തനിയെ ഇരിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു. ഈ സമയം ഇവരില്‍ അധികം പേരും ചെയ്യേണ്ട കടമകളെ കുറിച്ചാകും ചിന്തിക്കുക. ആരെങ്കിലും നിന്നും എന്തെങ്കിലും മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ പോലും ഇവര്‍ അത് മനസ്സില്‍ സൂക്ഷിച്ചു പ്രതികാരം ചെയ്യാന്‍ ഒന്നും മെനക്കെടില്ല. ആ അനുഭവത്തിലൂടെ താന്‍ എന്ത് പാഠമാണ് പഠിച്ചത് എന്നാകും ഇവര്‍ ചിന്തിക്കുക. മാത്രമല്ല അതും മനസിലിട്ട്‌ പെരുമാറാതെ മുന്നോട്ട് ചിന്തിച്ചു തുടങ്ങുന്നവരാണിവര്‍.

അവസരങ്ങള്‍ തങ്ങളെ തേടി വരുന്നതിലും മുന്പ് അവ തേടി പോകുന്നവര്‍ ആണ് ഇവര്‍. നല്ല അവസരങ്ങള്‍ അതുകൊണ്ട് തന്നെ ഇവരെ കാത്തിരിക്കും. ഇതിലുള്ള ഗുണഗണങ്ങള്‍ പ്രകടിപ്പിക്കുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഒരു മാനസികപിരിമുറുക്കം അനുഭവിക്കുന്ന വ്യക്തിയല്ല.