ഓര്‍മ്മകള്‍ ഓടിക്കളിക്കുന്ന വിയന്നയുടെ തിരുമുറ്റത്ത് ഒരു അപൂര്‍വ്വ സംഗമം

പോള്‍ മാളിയേക്കല്‍

38 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ആ അപൂര്‍വ്വ സംഗമം. എഴുപതുകളില്‍ വിയന്നയില്‍ എത്തിയ സഹോദരിമാര്‍, അവര്‍ക്കു എന്നും തുണയായി അവരോടൊപ്പമുണ്ടായിരുന്ന ആ വന്ദ്യ വൈദീകര്‍, എല്ലാവരും ഒരുമിച്ചു കൂടിയപ്പോള്‍ പറഞ്ഞാല്‍ തീരാത്ത അത്ര വിശേഷങ്ങള്‍ ഉണ്ടായിരുന്നു ഓരോരുത്തര്‍ക്കും പങ്കുവയ്ക്കാന്‍…

കഴിഞ്ഞ ജൂലൈ മാസത്തില്‍ വിയന്നയിലെ ഒരു ഭാരതീയ ഭക്ഷണശാലയില്‍ ഒരുമിച്ചു കൂടിയ അവര്‍, തൂവെള്ള ജൂബയില്‍ പ്രായത്തിന്റെ അവശതകള്‍ തെല്ലു പുറത്തറിയിക്കാതെ നിറപുഞ്ചിരിയുമായി അദ്ദേഹത്തെ കണ്ടപ്പോള്‍ അവരുടെ കണ്ണുകള്‍ സന്തോഷാശ്രുക്കള്‍ പൊഴിച്ചു. ഏറെ ബഹുമാനിക്കപ്പെട്ട ഫാ. ഡോ. അഗസ്റ്റിന്‍ തോട്ടക്കര എന്ന വ്യക്തി വാക്കുകള്‍ക്ക് വര്‍ണ്ണനകള്‍ക്കും അതീതമാണ്. കാരണം നിര്‍ദ്ധന കുടുംബങ്ങളില്‍ നിന്നും, പ്രാരാബ്ദങ്ങളുടെ ഭാണ്ഡവുമായി എത്തിയ ആ സഹോദരിമാര്‍ക്ക് തോട്ടക്കര അച്ചനെയെപ്പറ്റി പറയാന്‍ ഏറെയുണ്ട്.

1974-ല്‍ വിയന്നയില്‍ എത്തിയ ഫാ. അഗസ്റ്റിന്‍ പതിനെട്ടാമത്തെ ജില്ലയിലെ ഒരു പള്ളിയില്‍ കപ്ലാനായിട്ടാണ് സേവനം ആരംഭിച്ചത്. സി.എം.ഐ സഭയില്‍ അംഗവും, സംസ്‌കൃതത്തില്‍ പാണ്ഡിത്യം നേടിയിട്ടുള്ള ചുരുക്കം വ്യക്തികളില്‍ ഒരാളുമായ അദ്ദേഹം വിയന്ന യുണിവേഴ്‌സിറ്റിയില്‍ നിന്നും ഗവേഷണബിരുദവും കരസ്ഥമാക്കി. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കൂടിയാണ്. സരസവും, മിതമായിട്ടും സംസാരിക്കുന്ന അഗസ്റ്റിന്‍ അച്ചന്‍ മറ്റുള്ളവര്‍ക്കു വലിയ സഹായിയും, കരുണയുടെയും വലിയ ഉദാഹരണമായിരുന്നു.

എഴുപതുകളില്‍ എത്തിയ സഹോദരിമാര്‍ക്ക് ഓസ്ട്രിയയിലെ പല കാര്യങ്ങളെക്കുറിച്ചും മനസിലാക്കി കൊടുക്കാനും, അവര്‍ക്കു അറിയും പച്ചക്കറികളും, വസ്ത്രങ്ങള്‍ വാങ്ങിക്കാനും യാതൊരു സങ്കോചവുമില്ലാതെ സഹായത്തിനു എത്തിയിരുന്ന അദ്ദേഹം, സഹോദരിമാര്‍ക്ക് തുച്ഛമായി ലഭിച്ചിരുന്ന പണം നാട്ടിലേയ്ക്ക് അയക്കാനും, വീട്ടിലെ കഷതകളില്‍ കുറേയൊക്കെ സഹായമാകാനും വിയന്നയിലെ ആദ്യകാല മലയാളികളുടെ ഒപ്പം അദ്ദേഹം നിലകൊണ്ടു. സാഹോദരിമാര്‍ക്കു വേണ്ടി ആഴചയില്‍ ഒരിക്കല്‍ മലയാളം കുര്‍ബാന അര്‍പ്പിക്കുകയും ആത്മീയ ഉണര്‍വിന് എപ്പോഴും കരുതല്‍ നല്‍കിയിരുന്ന അദ്ദേഹത്തെ ഈ സഹോദരിമാര്‍ ഒരു ദൈവദൂതന് സമമായിട്ടാണ് കണക്കാക്കിയിരുന്നത്.

38 വര്‍ഷങ്ങള്‍ക്ക് ശേഷം അഗസ്റ്റിന്‍ അച്ചനെ കണ്ടപ്പോള്‍ തങ്ങള്‍ വഴിയായി തങ്ങളുടെ കുടുംബം അഭിവൃദ്ധി പ്രാപിച്ചത്, വികസിതമായ ഒരു രാജ്യത്ത് നിന്ന് ലഭിച്ച മറ്റു സൗഭാഗ്യങ്ങള്‍ ഒക്കെ സഹോദരിമാരുടെ മനസുകളിലൂടെ മിന്നിമറഞ്ഞു. ഓരോരുത്തരും അനുഭവങ്ങളുടെ ചെപ്പുതുറന്നപ്പോള്‍ ഏറെ വിനയത്തോടെ നിലകൊണ്ട അദ്ദേഹം അന്നും ഇന്നും വ്യക്തിവൈശിഷ്ട്യത്തിന്റെ പകരം വയ്ക്കാനില്ലാത്ത ആള്‍രൂപമായി.

തുടര്‍ന്ന് എണ്‍പതുകളില്‍ ഫാ. അഗസ്റ്റിന്‍ വിയന്നയോട് വിടപറഞ്ഞു. സഭയുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹം ബംഗളുരുവിലെ ധര്‍മ്മാരാം കോളേജിലെ അധ്യാപകനായും, ഡയറക്ടര്‍ ആയും ചുമതല വഹിച്ചു. പിന്നീട് രാജഗിരി പ്രോവിന്‌സിന്റെ കീഴില്‍ കളമശ്ശേരിയിലുള്ള സ്ഥാപങ്ങളുടെ മേലധികാരിയായി സേവനം ചെയ്ത അദ്ദേഹം തേവര ആശ്രമത്തിന്റെ കീഴിലുള്ള സ്ഥാപങ്ങളുടെ പ്രേയോരായി സേവനം തുടരുന്നു…

അദ്ദേഹം നാട്ടിലേയ്ക്ക് തിരികെ പോയതിനുശേഷം ഈ സഹോദരിമാരുമായി അധികം ആശയവിനിമയും കൂടിക്കാഴച്ചകളും ഉണ്ടായിരുന്നില്ല. അതിതിനാല്‍ തന്നെ വര്‍ഷങ്ങളുടെ ഇടവേള എല്ലാവരെയും വാചാലരാക്കി. എന്നാല്‍ ക്രിസ്മസിന് മംഗളങ്ങള്‍ നേരുന്ന പതിവ് അച്ചന്‍ ഇന്നും തുടരുന്നു. നന്മ മരമായി പടര്‍ന്നു പന്തലിച്ച അഗസ്റ്റിന്‍ അച്ചന്റെ വരവും, ഓര്‍മ്മകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും, കൂടിക്കാഴ്ചയുടെ നിര്‍വൃതി പകര്‍ന്ന സന്ധ്യയില്‍ ഓടിയെത്തിയത് മൂന്നു പതിറ്റാണ്ടിന്റെ മുന്‍പ് ആരംഭിച്ച പ്രവാസജീവിതത്തിന്റെ കൂടി സുഖസ്മരണകളായിരുന്നു.