ബ്രൂവറി ; തെറ്റാവര്‍ത്തിക്കരുതെന്നു സര്‍ക്കാരിനോട് കോടതി

ബ്രൂവറികള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേട് ആവര്‍ത്തിക്കരുത് എന്ന് കോടതി. ബ്രൂവറികള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേട് സ്വന്ത്ര ഏജന്‍സി അന്വഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താല്‍പ്പര്യ ഹര്‍ജി തീര്‍പ്പാക്കിയ സമയമാണ് കോടതി ഇത്തരത്തില്‍ പ്രതികരിച്ചത്. ലൈസന്‍സ് അനുവദിച്ചതില്‍ ചട്ടലംഘനമുണ്ടായെങ്കില്‍ അത് സര്‍ക്കാര്‍ തിരുത്തിയെന്നും ജനം ജാഗജൂഗരാണെന്നും ഓര്‍മ്മിപ്പിച്ചുമായിരുന്നു ഹൈക്കോടതി നടപടി.

ചട്ടലംഘനമുണ്ടായാല്‍ തെറ്റുകള്‍ ജനം ശ്രദ്ധയില്‍പ്പെടുത്തുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ലൈസന്‍സുകള്‍ അനുവദിക്കുമ്പോള്‍ പരിശോധനകള്‍ക്കായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് രേഖപ്പെടുത്തിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

സംസ്ഥാനത്ത് ബ്രൂവറികളും, ബ്‌ളെന്‍ഡിംഗ് യൂണിറ്റിനും തുടങ്ങാന്‍ നല്‍കിയ അനുമതി റദ്ദാക്കിയത് ചട്ടലംഘനത്തിന്‍യും അഴിമതിയുടെയും തെളിവാണെന്നും ഇക്കാര്യത്തില്‍ സ്വന്ത്രഏജന്‍സിയുടെ അന്വേഷണം വേണമെന്നുമായിരുന്നു ഇടുക്കി സ്വദേശിയുടെ പൊതു താല്‍പ്പര്യ ഹര്‍ജി. എന്നാല്‍ ലൈസന്‍സ് അനുവദിച്ചതില്‍ ചട്ടലംഘനം ഉണ്ടായെങ്കില്‍ അത് സര്‍ക്കാര്‍ തന്നെ തിരുത്തിയല്ലോ എന്നും ഇനി തെറ്റാവര്‍ത്തിക്കാതെ നോക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

ബ്രൂവറി, ബ്‌ളെന്‍ഡിംഗ് കമ്പിനികളെ കൂടാതെ എക്‌സൈസ് കമ്മീഷണര്‍, സര്‍ക്കാര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയായിരുന്നു ഹര്‍ജി.