ഫെതായ് ‘ചുഴലിക്കാറ്റ് ആന്ധ്രാതീരത്തേക്ക് ; ഒരു മരണം

ആന്ധ്രാതീരത്തേക്ക് ആഞ്ഞടിച്ചു ‘ഫെതായ് ‘ചുഴലിക്കാറ്റ്. അതിശക്തമായ മഴയില്‍ വിജയവാഡയില്‍ ഒരാള്‍ മരിച്ചു. വിശാഖപട്ടണത്തും സമീപപ്രദേശങ്ങളിലുമായി നിരവധി മരങ്ങള്‍ കടപുഴകി വീണു. കിഴക്കന്‍ ഗോദാവരി ജില്ലയില്‍ അതിശക്തമായ നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാകിനാഡ തീരം വഴി കരയില്‍ പ്രവേശിച്ച കാറ്റ് മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗത്തിലാണ് വീശിയടിക്കുന്നത്.

തീരദേശ ജില്ലകളെയാണ് ചുഴലിക്കാറ്റ് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഫെയ്തായി 100 കിലോമീറ്റര്‍വരെ വേഗം കൈവരിക്കാന്‍ സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ട് ഉണ്ട്. പ്രതികൂലമായ കാലാവസ്ഥയെത്തുടര്‍ന്ന് ദക്ഷിണ റെയില്‍വേ 50ലേറെ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിശാഖപട്ടണത്തേക്കുളള വ്യോമയാന സര്‍വ്വീസുകളെയും പ്രതികൂല കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ചില വിമാനങ്ങള്‍ ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു.

ശക്തമായ ജാഗ്രത പുലര്‍ത്തണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതോടെ ഞായറാഴ്ച ചെന്നൈയില്‍ ശക്തമായ കാറ്റുണ്ടായിരുന്നു. ചെന്നൈ, നാഗപട്ടണം, പുതുച്ചേരി തുടങ്ങിയ ഇടങ്ങളില്‍ കടല്‍ക്ഷോഭവും ഉണ്ടായി.