പോലീസിന് ഏത് പാർട്ടിയുടെ ഓഫീസിലും കേറി റെയ്ഡ് ചെയ്യാനുള്ള അധികാരമുണ്ട് : കെ മുരളീധരന്‍

പോലീസിന് സംശയം തോന്നിയാല്‍ ഏത് പാര്‍ട്ടിയുടെ ഓഫീസില്‍ കേറി റെയ്ഡ് ചെയ്യാനുള്ള അധികാരമുണ്ടെന്നു കെ മുരളീധരന്‍ എം എല്‍ എ. കോണ്‍ഗ്രസ് ഭരണകാലത്ത് ഡി സി സി പ്രസിഡന്റിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്നൊന്നും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളോ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ പേരില്‍ നടപടിയോ ഉണ്ടായിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

വനിതാസംരക്ഷണ മതില്‍ തീര്‍ത്ത പാര്‍ട്ടിയാണ് മതില്‍ പണിഞ്ഞ് തൊട്ടടുത്ത ദിവസം ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി എടുത്തത്. സി പി എം ഓഫീസ് റെയിഡ് ചെയ്യരുതെന്ന് നിയമമൊന്നുമില്ല.

പോക്‌സോ കേസിലുള്‍പ്പെട്ട ഡി വൈ എഫ് ഐ നേതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്. ഇതിനെത്തുടര്‍ന്നാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ സി പി എം ജില്ലാകമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ജില്ലാ നേതാവിനെതിരെ കേസ് വന്നപ്പോള്‍ത്തന്നെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തെന്നും മുരളീധരന്‍ പറഞ്ഞു.