പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബർട്ട് വാദ്രയ്ക്ക് ഇടക്കാല ജാമ്യം

സാമ്പത്തിക തട്ടിപ്പുകേസില്‍ റോബര്‍ട്ട് വദ്രയ്ക്ക് ഫെബ്രുവരി 16 വരെ ഇടക്കാല ജാമ്യം. ഡല്‍ഹി കോടതിയുടേതാണ് ഉത്തരവ്. ലണ്ടനില്‍ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് നല്കിയതിന് പിന്നാലെയാണ് വാദ്ര കോടതിയെ സമീപിച്ചത്. 1.9 മില്യണ്‍ പൗണ്ട് ചെലവഴിച്ചാണ് ബിസിനസ് പങ്കാളി മനോജ് അറോറയുടെ സഹായത്തോടെ വസ്തു വാങ്ങിയത്.

വാദ്രയുടെ അടുത്ത സഹായി മനോജ് അറോറയ്ക്ക് ഒരു സാമ്പത്തിക തട്ടിപ്പ് കേസില്‍ കോടതി ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു. ഇതേ കേസിലാണ് ഇപ്പോള്‍ റോബര്‍ട്ട് വദ്രയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. വിദേശത്ത് അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്നുള്ളതാണ് വാദ്രക്കെതിരെയുള്ള കേസ്. രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമാക്കിയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടിയെന്നായിരുന്നു വാദ്ര മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമാക്കിയത്.

അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ ചുടുപിടിച്ചു നില്‍ക്കെയാണ് അവരുടെ ഭര്‍ത്താവ് ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് കോടതിയിലെത്തിയത് എന്ന കാര്യവും ശ്രദ്ധേയമാണ്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച എന്‍ഫോഴ്സ്മെന്റിന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.