കെഎസ്ആർടിസി വീണ്ടും യൂണിയനുകളുടെ ഭരണത്തിന് കീഴില്‍ ; സര്‍ക്കാര്‍ യൂണിയനുകളുടെ കൂടെ

തച്ചങ്കരി മാറിയതോടെ യൂണിയന്‍ നേതാക്കള്‍ കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സീറ്റിലേക്ക് തിരിച്ചെത്തി. ടോമിന്‍ തച്ചങ്കരി എംഡി സ്ഥാനത്തു നിന്നും മാറ്റിയതിന് പിന്നാലെ തച്ചങ്കരി കൊണ്ടുവന്ന ഡ്യൂട്ടി പരിഷ്‌ക്കാരങ്ങളും യൂണിയന്‍ ഇടപെട്ട് മാറ്റിത്തുടങ്ങി. ഡ്രൈവര്‍ കം കണ്ടക്ടര്‍ ജോലി ചില റൂട്ടുകളില്‍ മാറ്റി. തിരുവനന്തപുരത്ത് രാവിലെ ജോലിക്കെത്തിയ ജീവനക്കാരനെ ബസ്സില്‍ നിന്നും ഇറക്കിവിട്ടു.

തച്ചങ്കരി കൊണ്ടുവന്നതും യൂണിയനുകള്‍ ശക്തമായി എതിര്‍ത്തതുമായ ഡ്രൈവര്‍ കം കണ്ടക്ടര്‍ അഥവാ ഡിസി സമ്പ്രദായം മാറ്റിത്തുടങ്ങി. പുലര്‍ച്ചെ തിരുവനന്തപുരം-പാലക്കാട് റൂട്ടിലെ സ്‌കാനിയ ബസ്സില്‍ ജോലിക്കെത്തിയ ജിനോ എന്ന ഡിസി ജീവനക്കാരനോടാണ് ഇന്‍സ്‌പെക്ടര്‍മാര്‍ ജോലിക്ക് പോകേണ്ട എന്ന് പറഞ്ഞു വിലക്കിയത് .

തിരുവനന്തപുരം- പാലക്കാട് അടക്കമുള്ള റൂട്ടുകളില്‍ ഡിസി ഡ്യൂട്ടി നിര്‍ത്തിയതായി ഡിടിഒ രജിസ്റ്ററില്‍ എഴുതി. ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഡ്രൈവര്‍ കണ്ടക്ടറായും കണ്ടക്ടര്‍ തിരിച്ചു ഡ്രൈവറായും ജോലി ചെയ്യുന്ന രീതിയാണ് ഡിസി. അപകടം കുറക്കാനും വരുമാനം കൂട്ടാനും ഈ രീതി സഹായിച്ചിരുന്നു. തച്ചങ്കരിയെ മാറ്റിയതോടെയാണ് കണ്ടക്ടര്‍ കണ്ടക്ടറുടെ ജോലിയും ഡ്രൈവര്‍ വണ്ടി ഓടിച്ചാലും മതിയെന്ന പഴയരീതിയിലേക്ക് കെഎസ്ആര്‍ടിസ് പോകുന്നത് .

എന്നാല്‍ ജിനോക്ക് ജോലി നിഷേധിച്ചതില്‍ പങ്കില്ലെന്നാണ് യൂണിയനുകളുടെ വിശദീകരണം . എന്നാല്‍ എട്ടുമണിക്കൂറില്‍ താഴെയുള്ള സര്‍വ്വീസുകളില്‍ ഡിസി ആവശ്യമില്ലെന്നും യുണിയനുകള്‍ അറിയിച്ചു.  തിരുവനന്തപുരം ഡിടിഒയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.

തച്ചങ്കരിയുടെ ഡ്യൂട്ടി പരിഷ്‌ക്കാരങ്ങള്‍ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പിനു കാരണമായിരുന്നു. ബസ് വാടകക്കെടുക്കലും മിന്നല്‍ സമരം മൂലമുള്ള നഷ്ടം യൂണിയന്‍ നേതാക്കളുടെ ശമ്പളത്തില്‍ നിന്നും പിടിക്കാനുള്ള തീരുമാനവുമെല്ലാം തച്ചങ്കരിയെയും യൂണിയനുകളെയും ഇരു ചേരിയിലാക്കിയിരുന്നു. ഡ്യൂട്ടി പരിഷ്‌കരണം, വേതനപരിഷ്‌കരണം, താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലുള്‍പ്പടെയുള്ള കാര്യങ്ങളില്‍ മുന്‍ സിഎംഡിയുടെ തീരുമാനങ്ങള്‍ യൂണിയനുകള്‍ എതിര്‍ത്തിരുന്നു.

അതേസമയം എം ഡി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ തുറന്നടിച്ച് ടോമിന്‍ തച്ചങ്കരി രംഗത്ത് വന്നു. തീരുമാനത്തിന് പിന്നില്‍ യൂണിയനുകളുടെ സമ്മര്‍ദ്ദമാണ്. തന്നെ മാറ്റാന്‍ ബോര്‍ഡിലെ രണ്ട് പേര്‍ ആവശ്യപ്പെട്ടു. യൂണിയന്‍ നേതാവ് രാജി ഭീഷണി മുഴക്കിയെന്നും തച്ചങ്കരി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ എക്കാലത്തെയും ശാപമാണ് യൂണിയനിസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് തച്ചങ്കരിയെ കെ എസ് ആര്‍ ടി സി എം ഡി സ്ഥാനത്ത് നിന്ന് മാറ്റിയത്.

ട്രേഡ് യൂണിയനുകള്‍ അല്ലെങ്കില്‍ കെ എസ് ആര്‍ ടി സി എന്ന അവസ്ഥയിലായിരുന്നു കാര്യങ്ങള്‍. ഇതില്‍ ഏതെങ്കിലും ഒന്ന് മാത്രമേ നിലനില്‍ക്കൂ. അധികാരമേറ്റ അന്ന് മുതല്‍ നടത്തുന്ന പരിഷ്‌കരണ നടപടികളെ ട്രേഡ് യൂണിയനുകള്‍ എതിര്‍ത്തിരുന്നു. ഓരോ ഘട്ടത്തിലും യൂണിയനിസത്തെ നിര്‍വീര്യമാക്കാന്‍ ശ്രമിച്ചിരുന്നു. അതാണ് എന്റെ മാനേജ്മെന്റ് സ്റ്റൈല്‍.

യൂണിനുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്ന ഘട്ടത്തിലാണ് അവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആ സാഹചര്യത്തിലും സര്‍ക്കാര്‍ കൂടെ നിന്നിരുന്നു. അവസാനം യൂണിയനുകള്‍ ഒന്നടങ്കം രംഗത്തെത്തിയതും യൂണിയന്‍ നേതാവ് രാജി ഭീഷണി മുഴക്കിയതും മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയതും സ്ഥാനമാറ്റത്തിന് കാരണമായി.