സൗദിയില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ ഒ.ഐ.സി.സി പിളര്‍പ്പിലേക്ക്

റിയാദ്: സൗദിയില്‍ പ്രവര്‍ത്തിക്കുന്ന ഒ.ഐ.സി.സി നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍. കഴിഞ്ഞ എട്ട് വര്‍ഷമായി ഒ.ഐ.സി.സി എറണാകുളം ജില്ലാ പ്രസിഡന്റ് പദവി വഹിക്കുന്ന ഷുക്കൂര്‍ അബ്ദുളിനെതിരെയാണ് ആരോപണം.

ഷുക്കൂര്‍ പദവി കയ്യാളി വയ്ക്കുകയും ഒട്ടും ജനാധിപത്യപരമല്ലാത്ത സമീപനങ്ങളുമായി മുന്നോട്ടു പോകുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ കാരണം. ഇദ്ദേഹം മറ്റ് പ്രവര്‍ത്തകരുടെ അഭിപ്രായം മാനിക്കാതെ ഒറ്റയാള്‍ ഭരണം നടത്തുകയും, ഉള്‍ഗ്രൂപ്പുകള്‍ ഉണ്ടാക്കി അനുകൂലികളെ മാത്രം പരിഗണിച്ചു മുന്നേറുന്ന രീതിയെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തത് സംഘടനയുടെ പിളര്‍പ്പിലേക്ക് നയിക്കുമെന്നാണ് നിഗമനം.

റിയാദ് സെന്‍ട്രല്‍ കമ്മിറ്റി, നാഷണല്‍ കമ്മിറ്റി എന്നിവയുടെ സമ്മേളനങ്ങള്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയിലും അംഗങ്ങളോട് പങ്കെടുക്കേണ്ടതില്ല എന്നതാണ് ഷുക്കൂര്‍ തുടരുന്ന രീതി. അതേസമയം ഇദ്ദേഹത്തിന്റെ വിഘടന പ്രവര്‍ത്തനങ്ങള്‍ കാരണം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വ്യക്തമായ മുന്‍തൂക്കം ഉള്ള എറണാംകുളം ജില്ലകാരുടെ ഇടയില്‍പോലും പാര്‍ട്ടി ശുഷ്‌കമായി തീരുകയാണ് എന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

പ്രവര്‍ത്തകരുടെ സംശയങ്ങള്‍ക്കോ, ആരോപണങ്ങള്‍ക്കോ കൃത്യമായ മറുപടി കൊടുക്കാതെ, പ്രവര്‍ത്തകരെ ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കിയും ഭീഷണി ഉയര്‍ത്തിയും പ്രവര്‍ത്തകരുടെ ഊര്‍ജ്ജം കെടുത്തുന്ന പ്രസിഡന്റിന്റെ രീതി തുടരാന്‍ അനുവദിക്കില്ലന്ന നിലപാടില്‍ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പ്രസിഡന്റ് ഷുക്കൂറിനെ തല്‍ സ്ഥാനത്തു നിന്നും മാറ്റി പാര്‍ട്ടിയ്ക്ക് പുതിയ ഓജസ് നല്‍കാന്‍ വേണ്ട നടപടികള്‍ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ പ്രവര്‍ത്തകരെയും സമന്വയത്തിന്റെ പാതയില്‍ നയിക്കണം എന്ന് എല്ലാ നേതാക്കള്‍ക്കും അഖിലേന്ത്യാ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം ഉണ്ടെന്നിരിക്കെ ഷുക്കൂറിന്റെ ഇപ്പോഴത്തെ പ്രവൃത്തികള്‍ തീര്‍ത്തും അപലപനീയവും സംഘടനയുടെ നാശത്തിനു വഴി വെക്കുന്നതുമാണെന്ന് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന മുതിര്‍ന്ന അംഗങ്ങള്‍ വ്യക്തമാക്കി.