ചന്ദ്രയാന്‍ 3 ന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയുടെ ചാന്ദ്രദൗത്യത്തില്‍ മൂന്നാമത്തേതായ ചന്ദ്രയാന്‍-3 ന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന് ആണ് പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ്. ഞങ്ങള്‍ പ്രൊജക്ട് ടീമിനെ ഉടന്‍ രൂപീകരിക്കും. കാര്യങ്ങള്‍ നന്നായി മൂന്നോട്ട് പോകും’ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു.
ഗഗന്‍യാനിന്റെ ഡിസൈനിങ് ജോലികള്‍ പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു.

2020 ചന്ദ്രയാന്‍ മൂന്നിന്റെ വര്‍ഷമാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ കൂട്ടിച്ചേര്‍ത്തു. ചന്ദ്രയാന്‍ മൂന്ന് ദൗത്യം മിഷന്‍ ലാന്‍ഡറും റോവറും പ്രോപ്പള്‍ഷന്‍ മോഡ്യൂളും അടങ്ങുന്നതാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘തെരഞ്ഞെടുക്കപ്പെട്ട നാല് ബഹിരാകാശ യാത്രികര്‍ക്കുള്ള പരിശീലനം ഈ വര്‍ഷം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഈ വര്‍ഷം ഞങ്ങള്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തും. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന നാല് ബഹിരാകാശയാത്രികര്‍ക്കുള്ള പരിശീലനം ഈ മാസം മുതല്‍ റഷ്യയില്‍ ആരംഭിക്കുകയും ചെയ്യും.’ കെ ശിവന്‍ വ്യക്തമാക്കി. 2020ല്‍ 25ലധികം മിഷനുകളാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.ചന്ദ്രയാന്‍-3 പദ്ധതി അടുത്ത വര്‍ഷം വിക്ഷേപിച്ചേക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പറഞ്ഞത്. ചന്ദ്രയാന്‍-2 പദ്ധതി വന്‍ വിജയമായിരുന്നുവെന്നും അതേ സമയം വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ ബഹിരാകാശ കേന്ദ്രത്തിനായി തൂത്തുകുടിയില്‍ 2300 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതായും കെ.ശിവന്‍ അറിയിച്ചു.

നേരത്തെ 2020 ല്‍ ഇന്ത്യ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞിരുന്നു. ചന്ദ്രയാന്‍ രണ്ടിനേക്കാള്‍ കുറഞ്ഞ ചിലവിലായിരിക്കും ദൗത്യമെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടതിനു പിന്നാലെയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്റെ പ്രഖ്യാപനം. ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള ചന്ദ്രയാന്‍ -2 ന്റെ കന്നി ശ്രമം പരാജയപ്പെട്ടിരുന്നു. എന്നാല്‍, ഒരു രാജ്യത്തിനും ആദ്യ ശ്രമത്തില്‍ ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതെ, ലാന്‍ഡര്‍, റോവര്‍ ദൗത്യം മിക്കവാറും 2020 ല്‍ സംഭവിക്കും. എന്നാല്‍ ചന്ദ്രയാന്‍ -2 ദൗത്യം ഒരു പരാജയമെന്ന് വിളിക്കാനാവില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ചന്ദ്രയാന്‍ -2 നിന്ന് നമ്മള്‍ ധാരാളം കാര്യങ്ങള്‍ പഠിച്ചു.കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു.