കുപ്പിവെള്ളം ഇനി പതിമൂന്നു രൂപയ്ക്ക്

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് ലിറ്ററിന് പരമാവധി വില 13 രൂപ രൂപയായി നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഉത്തരവു പ്രകാരം കുപ്പിവെള്ളം വില്‍ക്കുന്ന എല്ലാ കമ്പനികളും പരമാവധി വില 13 രൂപ എന്ന് പാക്കേജില്‍ മുദ്രണം ചെയ്യേണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ കൂടുതല്‍ വില ഈടാക്കുന്ന കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കുന്നതായിരിക്കുമെന്നും ഉത്തരവിലുണ്ട്.

1986-ലെ അവശ്യവസ്തു നിയന്ത്രണ നിയമ പ്രകാരം 19/07/2019ല്‍ കുപ്പിവെള്ളം അവശ്യവസ്തുവാക്കിക്കൊണ്ടുള്ള വിജ്ഞാപനമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അവശ്യവസ്തുക്കളുടെ വിലനിയന്ത്രണം സര്‍ക്കാരില്‍ നിക്ഷിപ്തമായതിനാല്‍, കുപ്പിവെള്ള നിര്‍മ്മാതാക്കളും വ്യാപാരി വ്യവസായി സംഘടനകളുടെ നേതാക്കളുമായി ചര്‍ച്ച ചെയ്ത് വില ലിറ്ററിനു 13 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതുപ്രകാരമുള്ള ഉത്തരവാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

കടുത്ത വേനലിലോട്ട് കേരളം കടക്കുന്ന ഈ സമയത്ത് കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കുന്നത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തീരുമാനമാകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. അതുപോലെ 500 മില്ലി ലിറ്റര്‍ താഴെയുള്ള അളവില്‍ കുപ്പിവെള്ളം വില്‍ക്കുന്നത് നിരോധിച്ചതായും ഉത്തരവിലുണ്ട്. Extended Producers Responsibility പ്ലാന്‍ കേരളത്തിലെ എല്ലാ കുപ്പിവെള്ള നിര്‍മ്മാതാക്കള്‍ക്കും ബാധകമാക്കിയിട്ടുണ്ട്.