ജോസ്. കെ. മാണിക്കെതിരേ കോട്ടയം DCC
കോട്ടയം ഡിസിസിയില്‍ ജോസ് കെ മാണിക്ക് എതിരെ പടയൊരുക്കം. മുന്നണിയില്‍ സമ്മര്‍ദ്ദം ചെലുത്തി കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി തുടരേണ്ടതില്ല എന്നാണു ഡിസിസി യോഗത്തിലെ പൊതു വികാരം. ഇതുവരെയുള്ള എല്ലാ സ്ഥാനങ്ങളും ജോസ് കെ മാണി വിഭാഗം നേടിയത് സമ്മര്‍ദ്ദം ചെലുത്തിയാണ്. ജോസ് കെ മാണി രാജ്യസഭാ സീറ്റ് നേടിയെടുത്ത തന്ത്രം വീണ്ടും പ്രയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്നാണ് ഡിസിസി യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം.
ജോസ് കെ മാണിയുടെ രാജ്യസഭാ സീറ്റും ഇതിന് ഇതിന് ഉദാഹരണമാണെന്ന് കോണ്‍iഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഭീഷണിപ്പെടുത്തി സ്ഥാനങ്ങള്‍ നേടിയെടുക്കുന്നത് ഇനിയും അനുവദിക്കാനാകില്ല. കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി പക്ഷക്കാരനായ സെബാസ്റ്റ്യന്‍ കുളത്തിങ്കലിനെതിരെ ജോസഫ് വിഭാഗം അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ അതിനെ പിന്തുണയ്ക്കണമെന്ന് ഡിസിസി യോഗത്തില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടു.
കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസിന്റെ നേതൃസ്ഥാനം സംബന്ധിച്ച തര്‍ക്കവും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവെക്കുന്നതുസംബന്ധിച്ച ഭിന്നതയുമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു കാരണം. നിലവില്‍ പ്രസിഡന്റായിരിക്കുന്ന സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ രാജിവെക്കില്ലെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചുവ്യക്തമാക്കുകയും ചെയ്തു. നേരത്തെ രാജ്യസഭാ സീറ്റ് സമ്മര്‍ദ്ദം ചെലുത്തി നേടിയെടുത്തതുമുതല്‍ കോണ്‍ഗ്രസും ജോസ് കെ മാണിയും തമ്മിലുള്ള ബന്ധം അത്ര നല്ല നിലയ്ക്കായിരുന്നില്ല.
യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പാലായിലെത്തി നടത്തിയ ചര്‍ച്ചയിലും ജോസ് കെ മാണി വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല. പാലായിലെ തോല്‍വിക്കു കാരണം ജോസഫ് വിഭാഗം ചതിച്ചതാണെന്നും അങ്ങനെയുള്ളവര്‍ക്ക് പദവി വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം കോണ്‍ഗ്രസിലെ ഒരു വിഭാഗം ജോസഫിന് അനുകൂലമായി നിലപാട് എടുക്കുന്നതില്‍ ജോസ് കെ മാണിയും കൂട്ടരും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം സംബന്ധിച്ച തര്‍ക്കമുണ്ടായപ്പോള്‍ മിണ്ടാതിരുന്നവര്‍ ഇപ്പോള്‍ നിയമം പറയുന്നത് ശരിയല്ലെന്നും അവര്‍ വ്യക്തമാക്കി.







