കാനഡയുടെ പ്രഥമ വനിതാ ധനകാര്യ മന്ത്രിയായി ക്രിസ്റ്റിയ ഫ്രീലാന്റ് അധികാരമേറ്റു
പി.പി. ചെറിയാന്‍
ഒട്ടാവ: കാനഡയുടെ പ്രഥമ വനിതാ ധനകാര്യ മന്ത്രിയായി ക്രിസ്റ്റിയ ഫ്രീലാന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജസ്റ്റിന്‍ ട്രൂഡോ മന്ത്രി സഭയില്‍ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററായിരുന്നു ഫ്രീലാന്റ്. ധന വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി ബില്‍ മോണ്‍റിയൊയുടെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് മന്ത്രിസഭയില്‍ പ്രധാനമന്ത്രി മാറ്റം വരുത്തിയത്.
തിങ്കളാഴ്ചയായിരുന്നു ബില്‍ മോണ്‍റിയൊ രാജി വച്ചത്. അടുത്ത ദിവസം തന്നെ പുതിയ ധന മന്ത്രിയെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കോവിഡ് 19 മഹാമാരിയോടനുബന്ധിച്ചു വിദ്യാര്‍ഥികള്‍ക്കുള്ള ഫെഡറല്‍ പ്രോഗ്രാമിനെ കാര്യമായി ബാധിച്ച മന്ത്രിയുടെ ചാരിറ്റി സ്ഥാപനങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് എത്തിക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ നടക്കുന്നതിനിടയിലാണ് ടൊറന്റോയിലെ സമ്പന്ന വ്യവസായിയായാ മോണ്‍റിയൊയുടെ രാജി.
മഹാമാരിയെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ കാനഡയുടെ സാമ്പത്തിക രംഗത്തിന് പുതിയൊരു ഉണര്‍വുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഫ്രീലാന്റിനെ ധനകാര്യ വകുപ്പിന്റെ ചുമതലയേല്‍പിത്. രാജ്യാന്തര തലത്തിലും കാനഡയിലും നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമകൂടിയാണ് ഫ്രീലാന്റ്.
അതേസമയം പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് ലീഡര്‍ ആഡ്രു സ്‌കിമര്‍ പ്രധാനമന്ത്രിയെയും സര്‍ക്കാരിനേയും നിശിതമായി വിമര്‍ശിച്ചു രംഗത്തുവന്നു. മഹാമാരിയുടെ മറവില്‍ ജനങ്ങളില്‍ നിന്നും പ്രധാനമന്ത്രി ഒളിച്ചോടുകയാണെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം.