ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രബര്‍ത്തിക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിക്ക് പിന്തുണയുമായി തെന്നിന്ത്യന്‍ താരം റിമ കല്ലിങ്കല്‍. നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ റിയ ധരിച്ചിരുന്ന ടീ ഷര്‍ട്ടിലെ വാക്യങ്ങളാണ് റിമ കല്ലിങ്കല്‍ പങ്കുവച്ച് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ‘റോസസ് ആര്‍ റെഡ്, വയലറ്റ്സ് ആര്‍ ബ്ലൂ, പുരുഷാധിപത്യത്തെ തകര്‍ക്കാം, ഞാനും നിങ്ങളും’ (‘Roses are red, violets are blue, let’s smash the patriarchy, me and you’) എന്ന വാചകമാണ് താരങ്ങള്‍ പങ്കുവയ്ക്കുന്നത്. റിയയുടെ ചിത്രവും ടീ ഷര്‍ട്ടിന്റെ ചിത്രവുമാണ് റിമ കല്ലിങ്കല്‍ പങ്കുവച്ചിരിക്കുന്നത്.

അതേസമയം നിരവധി ബോളിവുഡ് താരങ്ങളാണ് റിയ ചക്രബര്‍ത്തിക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. ബോളിവുഡില്‍ നിന്നും വിദ്യ ബാലന്‍, അനുരാഗ് കശ്യപ്, കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍ തുടങ്ങിയ താരങ്ങളും ഈ വാചകങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം, മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള റിയയെ സിനിമപ്രവര്‍ത്തകര്‍ പിന്തുണക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് വിമര്‍ശകര്‍ പറയുന്നു. എന്നാല്‍, സത്യം തെളിയുന്നത് വരെ റിയയെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

എന്നാല്‍, റിയ ചക്രബര്‍ത്തിയുടെ അറസ്റ്റിന് പിന്നാലെ ബോളിവുഡില്‍ ജസ്റ്റിസ് ഫോര്‍ റിയ ക്യാമ്പയിന്‍ ആരംഭിച്ചിരി യ്ക്കുകയാണ്. ശനിയാഴ്ച മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യലിന് ഒടുവിലാണ് NCB റിയയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ താന്‍ മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി റിയ സമ്മതിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്ത റിയയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.