റിയ പേര് വെളിപ്പെടുത്തിയ ആ 25 താരങ്ങള്‍ ആരൊക്കെ? അങ്കലാപ്പിലായി ബോളിവുഡിലെ പ്രമുഖര്‍

ബോളിവുഡ് സിനിമാ ലോകത്തിനെ തന്നെ പിടിച്ചു കുലിക്കിയിരിക്കുകയാണ് ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തിയുടെ അറസ്റ്റ്. റിയയുടെ അറസ്റ്റില്‍ ഉപരി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ ചോദ്യം ചെയ്യലില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് റിയ ബോളിവുഡിലെ 25 സെലിബ്രിറ്റികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന വാര്‍ത്തയാണ് പലരുടെയും ഉറക്കം കെടുത്തിയിരിക്കുന്നത്.

റിയയുടെ വെളിപ്പെടുത്തലോടെ ബോളിവുഡ് താരങ്ങള്‍ക്ക് കുരുക്ക് മുറുകുന്നുവെന്നും കേസ് ഉന്നതങ്ങളിലേക്ക് വ്യാപിക്കുമെന്നും വ്യക്തമാണ്. താന്‍ പിടിയിലായാല്‍ ‘ലഹരി മാഫിയയുമായി ബന്ധപ്പെട്ട’ എല്ലാവരുടെയും പേര് വെളിപ്പെടുത്തുമെന്ന് റിയ ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ റിയ പറഞ്ഞത് അനുസരിച്ച് ബ്യൂറോ ചോദ്യം ചെയ്യലിനായി താരങ്ങളുടെ പട്ടിക തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ഇവരെ ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ശനിയാഴ്ച മുതല്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് നടിയെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം റിയ ചക്രബര്‍ത്തി യെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി റിയയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അതിമാരക ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും സുശാന്തിനും ഷോവിക്കിനുമൊപ്പം ലഹരിമരുന്ന് അടങ്ങിയ സിഗരറ്റ് വലിച്ചിരുന്നതായും റിയ സമ്മതിച്ചിരുന്നു. സുശാന്ത് അഭിനയിച്ച ഒരു സിനിമയുടെ സെറ്റില്‍വെച്ചും പല പാര്‍ട്ടികളിലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും നടി സമ്മതിച്ചു. നേരത്തെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ന്നപ്പോള്‍ താന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നായിരുന്നു റിയയുടെ പ്രതികരണം. വാട്‌സ്ആപ്പ് ചാറ്റുകളടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവന്നതോടെ എല്ലാ കള്ളത്തരങ്ങളും പൊളിയുകയായിരുന്നു. ലഹരി മാഫിയയുമായി ബന്ധമുണ്ട് എന്ന കാര്യം റിയ കഴിഞ്ഞ ദിവസം തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍, ലഹരി ഇടപാടുകാരുമായി താന്‍ ബന്ധപ്പെട്ടത് സുശാന്ത് സിംഗിനു വേണ്ടിയായിരുന്നു എന്നാണ് റിയ വെളിപ്പെടുത്തിയത്.