ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ പേരില്‍ സ്‌കൂളുകളില്‍ വിതരണം ചെയ്തത് ഇ-വേസ്റ്റ് എന്ന് രമേശ് ചെന്നിത്തല
സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ പേരില്‍ സ്‌കൂളുകളില്‍ വിതരണം ചെയ്തത് ഇ-വേസ്റ്റ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിപക്ഷം തകര്‍ക്കുന്നെന്ന സിപിഎമ്മിന്റെ ആരോപണത്തിനു മറുപടിയായാണ് ചെന്നിത്തലയുടെ വിശദീകരണം.
ഹൈ-ടെക് സ്‌കൂള്‍ പദ്ധതിയെ സ്വര്‍ണക്കടത്തിന് മറയാക്കി. സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ റമീസ് അടക്കമുള്ള പ്രതികളുടെ മൊഴി കളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. പല സ്‌കൂളുകളിലും വിതരണം ചെയ്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി ലഭിക്കുന്നുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിനോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നും ചെന്നിത്തല വ്യക്തമാക്കി.
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്.എ ) പ്രോജക്ട് ഡയറക്ടര്‍ ഉപകരണങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച വിയോജിപ്പ് രേഖപ്പെടുത്തി. എന്നാല്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ ഇതിനെ മറികടന്നാണ് തീരുമാനമെടുത്തതെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. നേട്ടമായി അവകാശപ്പെടുന്ന പല പദ്ധതികളുടെയും മറവില്‍ വന്‍ അഴിമതി നടന്നു. വന്‍കിട കമ്പനികളുടെ ഇ-വേസ്റ്റുകളാണ് സ്‌കൂളുകളില്‍ വിതരണം ചെയ്തത്. പദ്ധതിയുടെ മറവില്‍ ബിനാമി കമ്പനികളാണ് ഇടപാട് നടത്തിയത്.







