കൊച്ചിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ് ; ഒരാള്‍ക്ക് ഗുരുതര പരിക്ക്
കൊച്ചി : എറണാകുളം പെരുമ്പാവൂര്‍ പാലക്കാട്ടുതാഴത്ത് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. ആഡംബര വാഹനത്തിലെത്തിയ എഴംഗ സംഘമാണ് ആക്രമണം നടത്തിയത്. ഗുണ്ടാംസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലര്‍ച്ചെയാണ് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പില്‍ ആദില്‍ ഷാ എന്ന ആള്‍ക്ക് പരിക്കേറ്റു.
തണ്ടേക്കാട് സ്വദേശി നിസാര്‍ ആണ് പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ആദില്‍ ഷായെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് നെഞ്ചില്‍ ആണ് വെടിയേറ്റിരിക്കുന്നത്. വെടിയുതിര്‍ത്ത ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ട നിസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. സംഘത്തില്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.







