ബിഹാറില്‍ ഭരണത്തില്‍ കയറിയത് രാജ്യത്തെ ആദ്യ ‘മുസ്ലിം രഹിത’ മന്ത്രിസഭയും ഭരണകക്ഷി ബെഞ്ചും

ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ തിങ്കളാഴ്ച അധികാരമേറ്റത് മുസ്ലിം പ്രാതിനിധ്യമില്ലാതെ. മന്ത്രിസഭയില്‍ മാത്രമല്ല, ഭരണപക്ഷത്തും ഒരൊറ്റ മുസ്ലിം എംഎല്‍എമാര്‍ പോലും ഇത്തവണയില്ലെന്നതാണ് വസ്തുത. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇതാദ്യം ആണ് ഇത്തരമൊരു സാഹചര്യം. മുസ്ലിം പ്രാതിനിധ്യം ഇല്ലാത്ത ഭരണപക്ഷത്തിന്റെ ട്രഷറി ബെഞ്ചുകളും സ്വാതന്ത്ര്യാനന്തരം ആദ്യമാണ്.

ബിജെപി, ജനതാദള്‍ യു (ജെഡിയു, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (സെക്കുലര്‍), വികാഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നീ കക്ഷികളാണ് ഭരണമുന്നണിയായ എന്‍ഡിഎയിലുള്ളത്. ഇവര്‍ക്കാര്‍ക്കും ഒരു മുസ്ലിം എംഎല്‍എയെ പോലും നിയമസഭയില്‍ എത്തിക്കാനായില്ലെന്നതാണ് വസ്തുത. ആകെ ജനസംഖ്യയില്‍ 16 ശതമാനത്തിലധികം മുസ്ലിങ്ങളുള്ള സംസ്ഥാനമാണ് ബിഹാര്‍.

തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ ജെഡിയു 11 മുസ്ലിം സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിച്ചത്. എന്നാല്‍ ഇവരെല്ലാവരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ജയിച്ചവരില്‍ മുസ്ലിം വിഭാഗത്തില്‍പെടുന്നവര്‍ ആരും ഇല്ലെങ്കിലും മന്ത്രിസഭയിലേക്ക് ഒരു മുസ്ലിം സമുദായ അംഗത്തെ ഉള്‍പ്പെടുത്തുന്നതിന് നിതീഷിന് തടസമുണ്ടായിരുന്നില്ല. ആറുമാസത്തിനുള്ളില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ മതിയായിരുന്നു. എന്നാല്‍, വിവിധ ജാതി സമവാക്യങ്ങള്‍ പരിഗണിച്ച് മന്ത്രിസഭ രൂപീകരിച്ചപ്പോഴും മുസ്ലിം വിഭാഗത്തിന്റെ കാര്യംകണക്കിലെടുത്തില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.

തിങ്കളാഴ്ച ഗവര്‍ണര്‍ ഫാഗു ചൗഹാന് മുന്നില്‍ നിതീഷ് കുമാര്‍ ഉള്‍പ്പെടെ 15 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതില്‍ നാലുപേര്‍ വീതം ഉന്നത ജാതികളിലും താഴ്ന്ന ജാതികളിലും ഉള്‍പ്പെടുന്നവരാണ്. മൂന്നു പേര്‍ വീതം അതീവ പിന്നോക്ക വിഭാഗങ്ങളിലും പട്ടികവിഭാഗങ്ങളിലും ഉള്‍പ്പെടുന്നവര്‍. ഭരണഘടന പ്രകാരം ബിഹാര്‍ മന്ത്രിസഭയിലേക്ക് മുഖ്യമന്ത്രി ഉള്‍പ്പെടെ പരമാവധി 36 പേരെ ഉള്‍പ്പെടുത്താം. ഇനിയും 21 പേരെ കൂടി മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന് ഉള്‍പ്പെടുത്താമെന്ന് ചുരുക്കം. അടുത്ത മന്ത്രിസഭാ വികസനത്തില്‍ മുസ്ലിം സമുദായത്തിന് പരിഗണന ലഭിക്കുമെന്നാണ് വിവരം.

125 സീറ്റുകള്‍ നേടിയാണ് ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തിലെത്തിയത്. പ്രതിപക്ഷമായ മഹാസഖ്യം 110 സീറ്റുകളിലാണ് വിജയിച്ചത്. മഹാസഖ്യത്തിലെ ആര്‍ജെഡി 75 സീറ്റുകളുമായി ഒന്നാമതെത്തിയപ്പോള്‍ 74 സീറ്റുകളുമായി ബിജെപി തൊട്ടുപിന്നിലെത്തി. ജെഡിയു 43 സീറ്റുകളിലും കോണ്‍ഗ്രസ് 19 സീറ്റുകളിലുമാണ് വിജയിച്ചത്.