ട്രെയിന്‍ ജനാലയിലൂടെ മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളന്‍ ജനലില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്തത് 10 കി.മീ. ദൂരം (വീഡിയോ)

കള്ളന്മാരുടെ ഇഷ്ട തൊഴിലിടങ്ങളാണ് ബസും ട്രെയിനും എല്ലാം. യാത്രയുടെ തിരക്കില്‍ നമ്മുടെ ശ്രദ്ധ ഒന്ന് മാറുന്ന സമയം കിട്ടുന്നത് എല്ലാം ഇവന്മാര്‍ അടിച്ചു മാറ്റും. എന്നാല്‍ ട്രെയിനില്‍ മോഷണം നടത്താന്‍ ശ്രമിച്ചു എട്ടിന്റെ പണി കിട്ടിയ ഒരു കള്ളന്റെ കഥനകഥയാണ് ഈ വാര്‍ത്ത. സ്റ്റേഷനില്‍ നിര്‍ത്തി ഇട്ടിരുന്ന ട്രെയിനിന്റെ ജനാലയില്‍ കൂടി യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കള്ളനാണു വാര്‍ത്തയിലെ താരം. ബിഹാറില്‍ നിന്നുള്ള ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഈ മേഖലയില്‍ ട്രെയിന്‍ ജനാലകള്‍ വഴി കവര്‍ച്ച പതിവാണ്. ഈ ട്രെയിന്‍ ബെഗുസാരായിയില്‍നിന്നു ഖഗാരിയയിലേക്കുള്ള യാത്ര അവസാനിക്കാറായപ്പോള്‍ സാഹെബ്പൂര്‍ കമല്‍ സ്റ്റേഷനു സമീപമാണ് സംഭവങ്ങളുടെ തുടക്കം.

ട്രെയിനിന്റെ ജനാലയില്‍ തുങ്ങിക്കിടന്ന് യാത്രക്കാരന്റെ മൊബൈല്‍ തട്ടാനാണ് ഇയാള്‍ ശ്രമിച്ചത്. എന്നാല്‍ കള്ളന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യമാണ് പിന്നീട് സംഭവിച്ചത്. കള്ളന്റെ കൈ അകത്തേക്ക് നീണ്ടുവരുന്നതു കണ്ട മറ്റൊരു യാത്രക്കാരന്‍ ഇയാളുടെ കൈകളില്‍ കയറിപ്പിടിച്ചതോടെ ഇയാള്‍ക്ക് പിടിവിടാനാകാതെയായി. ഇതിനിടെ ട്രെയിന്‍ മുന്നോട്ട് നീങ്ങുകയും ചെയ്തു. ട്രെയിനില്‍ തൂങ്ങിക്കിടന്ന് 10 കിലോമീറ്ററോളമാണ് ഇയാള്‍ക്കു യാത്ര ചെയ്യേണ്ടിവന്നത്. ഇത്രയും സമയം തൂങ്ങിക്കിടന്ന് ഇയാള്‍ ചെയ്ത തെറ്റിന് മാപ്പ് പറയുന്നുണ്ടായിരുന്നു.കൈ ഒടിഞ്ഞു പോകുമെന്നും മരിച്ചു പോകുമെന്നും കള്ളന്‍ കരഞ്ഞു പറഞ്ഞിട്ടും യാത്രക്കാര്‍ വിടാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഖഗാരിയ സ്റ്റേഷനില്‍ എത്തിയതിനു ശേഷം ഇയാള്‍ രക്ഷപ്പെട്ട് ഓടിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇയാള്‍ പൊലീസിന്റെ പിടിയിലായെന്നും റെയില്‍വെ പൊലീസിന് കൈമാറിയെന്നും ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പങ്കജ് കുമാന്‍ എന്നാണ് മോഷ്ടാവിന്റെ പേര്.