കേരളത്തിലെ തിയേറ്ററുകള്‍ ജനുവരി 5ന് തുറക്കും
മലയാള സിനിമാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 5ന് തുറക്കും. എന്നാല്‍ പകുതി സീറ്റുകളില്‍ മാത്രമാകും പ്രവേശനം. തുറക്കും മുന്‍പ് തിയേറ്ററുകള്‍ അണിവിമുക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ തിയേറ്ററുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. തിയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് സിനിമാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ബാറുകള്‍ ഉള്‍പ്പെടെ തുറന്നിട്ടും തിയേറ്ററുകള്‍ തുറക്കാത്തതെന്താണ് ഉയര്‍ന്ന ചോദ്യം. പിന്നാലെയാണ് തിയേറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
ആരാധനാലയങ്ങളിലെ ഉത്സവം, കലാപരിപാടികള്‍ എന്നിവക്കും ജനുവരി 5 മുതല്‍ അനുമതിയുണ്ട്. ഇന്‍ഡോറില്‍ 100ഉം ഔട്ട് ഡോറില്‍ 200 പേരെയും പരമാവധി അനുവദിക്കും. കായിക പരിശീലനവും നിയന്ത്രണങ്ങളോടെ അനുവദിക്കും. മുന്‍പ് പലതവണയും തീയേറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഒന്നും തന്നെ വിജയിച്ചിരുന്നില്ലെന്നതാണ് സത്യം. പുതിയ തീരുമാനം എത്തുന്നതോടെ സിനിമാ മേഖലയില്‍ വലിയൊരു ഉണര്‍വ്വ് തന്നെ പ്രതീക്ഷിക്കാവുന്നതാണ്.
കൊറോണയുടെ പശ്ചാത്തലത്തില്‍ ഒന്‍പത് മാസത്തോളമായി തീയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. തീയറ്ററുകളുടെ അടച്ചിടല്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലാക്കിയത്. ഈ സാഹചര്യം കണക്കിലെടുത്താണ് തീയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.







